
പത്തനംതിട്ട: അദാലത്തിൽ സഹായം തേടിയെത്തിവർക്ക് സർക്കാർ പരിഹാരം കണ്ടെത്തിയ വിവരം പങ്കുവച്ച് മന്ത്രി പി രാജീവ് രംഗത്ത്. ആടിനേയും ആട്ടിൻകുട്ടിയേയും പുലിപിടിച്ചെന്ന പരാതിയുമായാണ് കോന്നി അദാലത്തിലെത്തിയ ബിനോയി, തന്‍റെയും ഭാര്യയുടേയും ദുരിതക്കഥ നിറകണ്ണുകളോടെ പറഞ്ഞ വർഗീസ്, പെന്‍ഷന്‍ തുക തേടിയെത്തിയ ചന്ദ്രന്‍പിള്ള, മല്ലശേരി സ്വദേശിനി മണിയമ്മ എന്നിവരുടെ കാര്യം എടുത്തുപറഞ്ഞുള്ള കുറിപ്പാണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇവരുടെയടക്കം നിരവധിപേരുടെ കണ്ണീർ തുടയ്ക്കാൻ അദാലത്തിന് സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിക്കൊപ്പം പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, കോന്നി എം എൽ എ ജെനീഷ് കുമാർ എന്നിവരും മന്ത്രിക്കൊപ്പം അദാലത്തിൽ പങ്കെടുത്തിരുന്നു.
വന്ദേഭാരതിന്‍റെ വരുമാന കണക്കുവച്ച് കെ റെയിലിന് പറയാനുള്ളത്, ഒരേ ഒരു കാര്യം; 'ധൃതിയുണ്ടെന്ന് ജനം!!',
മന്ത്രി പി രാജിവിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
ആടിനേയും ആട്ടിൻകുട്ടിയേയും പുലിപിടിച്ചെന്ന പരാതിയുമായാണ് കോന്നി അദാലത്തിൽ ബിനോയി എത്തിയത്. 2022ലാണ് ബിനോയിയുടെ ഉപജീവനമാര്‍ഗമായ ആടും അതിന്റെ കുട്ടിയും പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നഷ്ടപരിഹാരത്തിനായി വനം വകുപ്പിന് പരാതി നല്‍കിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തുക ലഭിക്കാന്‍ വൈകുകയായിരുന്നു. ബിനോയിയുടെ അപേക്ഷയിൽ നഷ്ടപരിഹാരത്തുക ഉടന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 50000 രൂപ അദാലത്തില്‍ വച്ച് തന്നെ ബിനോയിക്ക് കൈമാറി.
***
ഞങ്ങള്‍ക്ക് ആരുമില്ല...
സഹായിക്കണം...
നിറകണ്ണുകളോടെ വര്‍ഗീസ് തന്റേയും ഭാര്യയുടേയും ദുരിതക്കഥ പറഞ്ഞപ്പോള്‍ കേട്ട് നിന്നവരും സങ്കടത്തിലായി.
രണ്ട് ആണ്‍മക്കളും ഒരുമകളുമാണ് ഈ ദമ്പതിമാര്‍ക്കുള്ളത്. മക്കളെ നല്ല നിലയില്‍ പഠിപ്പിക്കുകയും വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്ത ഇവരെ നോക്കാന്‍ ഇപ്പോള്‍ ആരുമില്ലെന്നായിരുന്നു പരാതി. ആകെയുണ്ടായിരുന്ന വസ്തുവും വീടും മക്കളുടെ പേരിലാക്കി. കോടതി ഇടപെടലിലൂടെയാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നതെന്നും വര്‍ഗീസ് സങ്കടപ്പെട്ടു. ഇവരുടെ സംരംക്ഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാനും കുടിവെള്ള കണക്ഷന്‍ നല്‍കി വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
***
സീതത്തോട് സ്വദേശിയും കർഷകനുമായ ചന്ദ്രന്‍പിള്ളയ്ക്ക് 2019 സെപ്റ്റംബര്‍ മുതല്‍ 2020 ഏപ്രില്‍ വരെയുള്ള മാസങ്ങളിലെ പെന്‍ഷന്‍ തുകയാണ് കുടിശ്ശികയായിരുന്നു.
യഥാസമയം മസ്റ്ററിംഗിന് ഹാജരാകാതിരുന്നതാണ് പെന്‍ഷന്‍ തുക മുടങ്ങാനുള്ള കാരണമെന്ന് സീതത്തോട് കൃഷി ഓഫീസര്‍ അറിയിച്ചു. സാങ്കേതികമായ പ്രശ്‌നത്താല്‍ അര്‍ഹമായ പെന്‍ഷന്‍ കുടിശിക നിഷേധിക്കപ്പെടുന്നത് പരിശോധിക്കാനും കുടിശ്ശിക ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ധനകാര്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
***
മല്ലശേരി സ്വദേശിനി മണിയമ്മയ്ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കും. കർഷക തൊഴിലാളിയും ക്ഷേമനിധിയിലെ അംഗവുമായ ഭർത്താവ് ഭാസ്കരപിള്ള വരിസംഖ്യ മുടങ്ങാതെ അടച്ചിരുന്ന ആളായിരുന്നു. ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വിഹിതത്തിൻ്റെ ആനുകൂല്യങ്ങൾ അവകാശികൾക്ക് ലഭിച്ചിട്ടില്ലെന്ന പരാതിയുമായാണ് മണിയമ്മ അദാലത്തിൽ എത്തിയത്. അടിയന്തരമായി ഹിയറിംഗ് നടത്തി മാനുഷിക പരിഗണന നൽകി ഒരു മാസത്തിനുള്ളിൽ ഉചിതമായ തീരുമാനം അറിയിക്കുവാൻ സിഇഒ യെ തത്സമയം ഫോണിൽ വിളിച്ചു നിർദേശം നൽകി. മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റാൻ അപേക്ഷ നൽകിയ10 പേർക്കും അദാലത്തിൽ വച്ച് പുതിയ കാർഡുകൾ വിതരണം ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam