അൻവർ റിമാൻഡ് തടവുകാരനായ ഹൈടെക് ജയിൽ, ഫ്‌ളഷ് ടാങ്ക് ടോയ്ലെറ്റുകളും ഷവര്‍ ബാത്ത്റൂമുകളുമുള്ള ആധുനിക ജയിൽ

Published : Jan 06, 2025, 08:43 AM ISTUpdated : Jan 06, 2025, 11:13 AM IST
അൻവർ റിമാൻഡ് തടവുകാരനായ ഹൈടെക് ജയിൽ, ഫ്‌ളഷ് ടാങ്ക് ടോയ്ലെറ്റുകളും ഷവര്‍ ബാത്ത്റൂമുകളുമുള്ള ആധുനിക ജയിൽ

Synopsis

സംസ്ഥാന സർക്കാർ നേരിട്ട് നിർമ്മിച്ച ജയിലിന് 35 കോടിയോളം രൂപയാണ് ചെലവ്. 7 ഏക്കറോളം ഭൂമിയിലാണ് തവനൂർ ജയിൽ നിർമ്മിച്ചിട്ടുള്ളത്. ഫ്‌ളഷ് ടാങ്ക് ടോയ്ലെറ്റുകളും ഷവര്‍ ബാത്ത് റൂമുകളും ഒക്കെയുള്ള കേരളത്തിലെ ഹൈടെക് ജയിലാണ് തവനൂരിലേത്

തവനൂർ: ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ മുൻപെങ്ങുമില്ലാത്ത വേഗതയിൽ അറസ്റ്റ് ചെയ്യപ്പെട്ട എംഎൽഎ റിമാൻഡ് തടവുകാരനായി കഴിഞ്ഞ തവനൂർ ജയിലിനുള്ളത് ഏറെ പ്രത്യേകതകൾ. രണ്ടു വർഷം മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ തവനൂർ സെൻട്രൽ ജയിൽ ഉദ്‌ഘാടനം ചെയ്തത്. സാധാരണ ജയിലുകളിൽനിന്ന് വ്യത്യസ്തമായി ഫ്‌ളഷ് ടാങ്ക് ടോയ്ലെറ്റുകളും ഷവര്‍ ബാത്ത് റൂമുകളും ഒക്കെയുള്ള ഈ ജയിലിലാണ് അൻവർ ഇന്നലെ രാത്രി കഴിഞ്ഞത്. എഡിജിപി അജിത് കുമാറിനെയും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെയും ജയിലിലടയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്ന അൻവർ ഒടുവിൽ ജയിലിൽ. 

കരുളായി ഉൾവനത്തിൽ മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ ഇന്നലെ ഫോറസ്റ്റ് ഓഫീസ് ഉപരോധത്തിന് പിന്നാലെയാണ് അസാധാരണ സംഭവങ്ങൾ നടക്കുന്നത്. 2022 ജൂൺ 12നാണ് കേരളത്തിലെ ഹൈടെക് ജയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ആധുനിക സംവിധാനങ്ങളോട് കൂടിയ ജയിലാണ് ഇത്. സംസ്ഥാന സർക്കാർ നേരിട്ട് നിർമ്മിച്ച ജയിലിന് ഏകദേശം 35 കോടിയോളം രൂപയാണ് ചെലവ് വന്നത്. ഏഴ് ഏക്കറോളം ഭൂമിയിലാണ് തവനൂർ ജയിൽ നിർമ്മിച്ചിട്ടുള്ളത്. അൻവർ ഉൾപ്പെട്ട മന്ത്രി സഭ നിർമ്മിച്ച ജയിലിൽ തന്നെയാണ് മന്ത്രി സഭയിൽ നിന്ന് പുറത്തായ എംഎൽഎ എത്തുന്നത്. 

ഉപരോധത്തിനിടെ സമരക്കാർ ഓഫിസിന്റെ സാധന സാമഗ്രികൾ നശിപ്പിച്ച കേസിലാണ് അൻവർ അറസ്റ്റിലായത്. ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ മുൻപെങ്ങുമില്ലാത്ത വേഗതയിലായിരുന്നു കേരള പൊലീസിന്റെ നടപടി. അറസ്റ്റ് പൂർത്തിയാക്കിയത്. നാടകീയമായ ചില രംഗങ്ങളുണ്ടായെങ്കിലും വലിയ എതിർപ്പ് അനുയായികളുടെയോ അൻവറിന്‍റെയോ ഭാഗത്ത് നിന്നുണ്ടായില്ല. 

ജാമ്യഹർജിയുമായി ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അൻവറിന്‍റെ തീരുമാനം. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള ഡിഎംകെയുടെ പ്രതിഷേധത്തോടെയായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. അൻവറിന്‍റെ പ്രസംഗത്തിന് പിന്നാലെ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചുപൊളിച്ചു. സംഭവത്തിൽ കേസെുക്കാനുള്ള നടപടികൾ നിലമ്പൂർ പൊലീസ് വേഗത്തിലാക്കി. 6 മണിയോടെ അൻവർ ഒന്നാം പ്രതിയായി 11 പേർക്കെതിരെ എഫ്ഐആർ ഇട്ടു. ജാമ്യമില്ലാവകുപ്പുകൾ പ്രകാരമായിരുന്നു കേസ്. അവിടെയും നിന്നില്ല. 7 മണിയോടെ അൻവറിനെ അറസ്റ്റ് ചെയ്യാൻ ഒതായിയിലെ വീടിന് മുന്നിൽ പൊലീസ് സന്നാഹമെത്തി. 8മണിയോടെ നിലമ്പൂർ ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അൻവറിന്‍റെ വീട്ടിലേക്ക് എത്തി. വീടിന് പുറത്ത് അൻവറിന്റെ അനുയായികളും തടിച്ചുകൂടുന്നതിനിടയിലായിരുന്നു ഇത്.

എട്ടരയോടെ പൊലീസ് വീടിന് അകത്തേക്ക്, ഒൻപതേ മുക്കാലോടെ അറസ്റ്റിന് വഴങ്ങുമെന്ന് അൻവറിന്‍റെ പ്രഖ്യാപനം. പിന്നാലെ വാറന്‍റിൽ ഒപ്പുവെച്ചു. ഇതോടെ അനുയായികൾ മുദ്രാവാക്യം വിളി ശക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞ ഡിവൈഎസ്പിയോട് അൻവർ തട്ടിക്കയറി. ഇതിന് പിന്നാലെ വീട്ടിൽ നാടകീയ രംഗങ്ങളാണുണ്ടായത്. പത്തേകാലോടെ അൻവറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വൈദ്യപരിശോധന പൂർത്തിയാക്കി മജിസ്ട്രേറ്റിന്റെ വസതിയിലേക്കും. 14 ദിവസത്തേക്കാണ് അൻവറിനെ  മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തിട്ടുള്ളത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിലും തിരുവനന്തപുരത്തും ആലുവയിലും ലഹരിവേട്ട, എം‍ഡിഎംഎയടക്കം പിടിച്ചെടുത്തു; യുവതിയടക്കം നാലുപേര്‍ അറസ്റ്റിൽ
മലപ്പുറത്ത് മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് മധ്യവയസ്‌കന്‍ മരിച്ചു