ആനക്കിടാവിരുത്തി പാടത്ത് പുളിയിളകി നെല്‍കൃഷി നശിച്ചു; ആശങ്കയിൽ കർഷകർ

By Web TeamFirst Published Jan 24, 2020, 11:12 PM IST
Highlights

വിതയിറക്കിന് ശേഷം രണ്ട് പ്രാവശ്യം വളമിടീലും, പറിച്ചുനടീലും കഴിഞ്ഞ പാടത്താണ് നിനച്ചിരിക്കാതെ പുളിയിളക്കം അനുഭവപ്പെട്ടത്. പുളിയിളക്കം കണ്ടതോടെ കര്‍ഷകര്‍ നീറ്റ്കക്ക ഇട്ടെങ്കിലും ഫലം കണ്ടില്ല.

എടത്വാ: ആനക്കിടാവിരുത്തി പാടത്ത് പുളിയിളകി അമ്പത്താറ് ദിവസം പിന്നിട്ട നെല്‍കൃഷി പൂര്‍ണ്ണമായി നശിച്ചു. തലവടി കൃഷിഭവന്‍ പരിധിയില്‍പ്പെട്ട ആനക്കിടാവിരുത്തി പാടത്തെ അന്‍പത് ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ്  നശിച്ചത്. തലവടി തൈച്ചിറ സുഗുണന്‍, നെടുംകളം ചന്ദ്രമതി, ഇടയത്ര ചെറിയാന്‍ ജോര്‍ജ്ജ്, പുത്തന്‍ചിറ ഷീലമ്മ, പാടശേഖര സെക്രട്ടറി പി.കെ. സുന്ദരേശന്‍ എന്നിവരുടെ പാടത്തെ കൃഷിയാണ് നശിച്ചത്. 

നെല്‍ചെടി പൂര്‍ണമായി അഴുകി തുടങ്ങി. മുന്നൂറ് ഏക്കര്‍ വിസ്തൃതിയുള്ള പാടത്തെ മറ്റ് കര്‍ഷകര്‍ക്കും പുളിയിളക്കം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിതയിറക്കിന് ശേഷം രണ്ട് പ്രാവശ്യം വളമിടീലും, പറിച്ചുനടീലും കഴിഞ്ഞ പാടത്താണ് നിനച്ചിരിക്കാതെ പുളിയിളക്കം അനുഭവപ്പെട്ടത്. പുളിയിളക്കം കണ്ടതോടെ കര്‍ഷകര്‍ നീറ്റ്കക്ക ഇട്ടെങ്കിലും ഫലം കണ്ടില്ല.

കൃഷിഭവന്റെ നിര്‍ദ്ദേശ പ്രകാരം നാനോസിലിക്ക പ്രയോഗിച്ചപ്പോഴും ഇതേ അവസ്ഥയാണ്. കഠിനചൂടാണ് പുളിയിളക്കത്തിന് കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും പുളിയിളക്കം കണ്ടുതുടങ്ങിയിട്ടുണ്ട്.
 

click me!