കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസം, നെല്ല് സംഭരണം ആരംഭിച്ചില്ല, ചെന്നിത്തലയിൽ കർഷകർ കൃഷി ഭവൻ ഉപരോധിച്ചു

By Web TeamFirst Published May 16, 2024, 8:23 AM IST
Highlights

ചുമട്ടുകൂലിയും കൊയ്ത്ത് കൂലിയും നൽകിയ കർഷകരുടെ മേൽ ഒരുകിൻറ്റൽ നെല്ലിന് പതിനഞ്ചും പതിനേഴും കിലോ നെല്ല് അധികമായി കിഴിവ് ആവശ്യപ്പെട്ട മില്ലുകാരുടെ സമീപനമാണ് കർഷകരെ പ്രകോപിപ്പിച്ചത്

മാന്നാർ: അപ്പർകുട്ടനാട്ടിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒന്ന്, നാല്, പത്ത്, പതിനാല് ബ്ലോക്ക് പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസമായിട്ടും സപ്ളെകോ നിർദേശിച്ച മില്ലുകാർ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് അപ്പർകുട്ടനാട് സ്വതന്ത്ര നെൽ കർഷക കുട്ടായ്മയുടെയും സംയുക്‌ത പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ സംഘടിച്ച് ചെന്നിത്തല കൃഷിഭവൻ ഉപരോധിച്ചു. ഇന്നലെ രാവിലെയാണ് കൃഷിഭവൻ ഉപരോധിച്ചത്. കടുത്ത താപനില ഉയർന്നതിനെ തുടർന്ന് അപ്പർകുട്ടനാട്ടിലെ മിക്കപാടശേഖരങ്ങളിലും കർഷകർക്ക് ഇത്തവണ ലഭ്യമായത് കുറഞ്ഞ വിളവാണ്. 

ചുമട്ടുകൂലിയും കൊയ്ത്ത് കൂലിയും നൽകിയ കർഷകരുടെ മേൽ ഒരുകിൻറ്റൽ നെല്ലിന് പതിനഞ്ചും പതിനേഴും കിലോ നെല്ല് അധികമായി കിഴിവ് ആവശ്യപ്പെട്ട മില്ലുകാരുടെ സമീപനമാണ് കർഷകരെ പ്രകോപിപ്പിച്ചത്. ഇതിനെ തുടർന്നാണ് കർഷകർ കൃഷിഭവൻ ഉപരോധിച്ചത്.ആലപ്പുഴ പാഡി ഓഫിസർ അമ്പിളി, മാവേലിക്കര കൃഷി അഡീ.ഡയറക്ടർ ലേഖ മോഹൻ, ചെന്നിത്തല കൃഷി ഓഫിസർ ചാൾസ് ഐസക്ക് ഡാനിയേൽ, അസി.കൃഷി ഓഫീസർ ബിജു ശർമ്മ, മില്ലുകാരുടെ പ്രതിനിധികൾ എന്നിവരുമായി കർഷക സംഘടനാ പ്രവർത്തകരും ജനപ്രതിനിധികളും നടത്തിയ ചർച്ചയിൽ ഭാഗികമായ ധാരണയുണ്ടാക്കി. കർഷകരുടെ ഓരോരുത്തരുടേയും നെല്ലിൻ്റെ ഈർപ്പവും പതിരും അനുസരിച്ച് കിഴിവ് നൽകി നെൽ സംഭരണം പുനരാംഭിക്കാമെന്ന് ജില്ലാ പാഡി ഓഫീസർ അമ്പിളിയുടെ ഉറപ്പിൽ കർഷകർ സമരം അവസാനിപ്പിച്ചു. 

Latest Videos

ഗുണനിലവാരം കുറഞ്ഞ നെല്ലിന് പതിനഞ്ച് കിലോയും കൂടിയ നെല്ലിന് എട്ട് കിലോയും കിഴിവ് നൽകാൻ ഒരു വിഭാഗം കർഷകർ തയ്യാറായി. കൊയ്തിട്ട മറ്റ് പാടശേഖരങ്ങളിലേക്കുള്ള മില്ലുകാരെ നിശ്ചയിച്ച ശേഷമാണ് ഉപരോധം പിൻവലിച്ച് കർഷകരും സംഘടനാ നേതാക്കൻമാരും ജനപ്രതിനിധികളും പിരിഞ്ഞ് പോയത്. അപ്പർകുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മ വൈസ് പ്രസിഡൻറ്റും ചെന്നിത്തല സംയുക്ത പാടശേഖരസമിതി കൺവീനറുമായ ഗോപൻ ചെന്നിത്തല, കർഷക കൂട്ടായ്മ ജോ.സെക്രട്ടറി സാം ചെറിയാൻ, അംഗങ്ങളായ രാജൻ കന്യേത്തറ, സ്റ്റീഫൻ തോമസ്, സംയുക്ത പാടശേഖര സമിതി പ്രസിഡൻറ്റ് ഹരികുമാർ, ഒന്നാം ബ്ലോക്ക് പാടശേഖരസമിതി പ്രസിഡൻറ് പ്രസാദ്, സെക്രട്ടറി വി.കെ. രാജീവൻ, കൺവീനർ വിശ്വംഭരൻ , ജനപ്രതിനിധികളായ ഗോപൻ ചെന്നിത്തല, ദിപു പടകത്തിൽ, അഭിലാഷ് തൂമ്പിനാത്ത് എന്നിവരും കർഷകർക്കൊപ്പം ഉപരോധത്തിലും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!