പ്രളയം തകര്‍ത്ത മാന്നാറിലെ പാടശേഖരങ്ങളില്‍ നൂറുമേനി വിളവ്

By Web TeamFirst Published Apr 27, 2019, 9:55 PM IST
Highlights

വെള്ളം കയറി മുങ്ങിയ പാടങ്ങളില്‍ അടിഞ്ഞുകൂടിയ മലമണ്ണ്, പായല്‍, പോളകള്‍, അജൈവമാലിന്യങ്ങള്‍ എന്നിവ യന്ത്രങ്ങളുടെ സഹായത്തോടെ  നീക്കം ചെയ്താണ് കര്‍ഷകര്‍ പാടത്ത് നെല്‍കൃഷിയിറക്കിയത്.

മാന്നാര്‍: പ്രളയം തകര്‍ത്ത കുരട്ടിശേരി വേഴത്താര്‍, കണ്ടങ്കേരി തുടങ്ങിയ 585 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പാടശേഖരങ്ങളില്‍ നൂറുമേനി വിളവ്. വെള്ളം കയറി മുങ്ങിയ പാടങ്ങളില്‍ അടിഞ്ഞുകൂടിയ മലമണ്ണ്, പായല്‍, പോളകള്‍, അജൈവമാലിന്യങ്ങള്‍ എന്നിവ യന്ത്രങ്ങളുടെ സഹായത്തോടെ  നീക്കം ചെയ്താണ് കര്‍ഷകര്‍ പാടത്ത് നെല്‍കൃഷിയിറക്കിയത്.

ഇക്കുറി മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് കര്‍ഷകര്‍. പാടങ്ങളിലെ നെല്ല് സിവില്‍ സപ്ലൈസ് നേരിട്ടാണ് സംഭരിക്കുന്നത്. എന്നാല്‍  1500 ഏക്കര്‍ വരുന്ന കുരട്ടിശേരി പാടത്തിലെ കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ബണ്ട് റോഡ് തകര്‍ന്നത് കര്‍ഷകര്‍ക്ക് ഭീഷണിയാണ്. കാലകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തത് വന്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം കൊടവള്ളാരി പാടത്തിലെ നെല്ല് കയറ്റിവന്ന മിനിലോറി പാടത്തേക്ക് മറിഞ്ഞു. ഡ്രൈവറും ക്ലീനറും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഏഴടി വീതിയുള്ള റോഡിന്‍റെ ഇരുവശവും കാടുകയറി കിടക്കുകയാണ്. മാന്നാര്‍, ചെന്നിത്തല പഞ്ചായത്തുകളിലെ നെല്‍ കര്‍ഷകരാണ് ബണ്ട് റോഡ് ഉപയോഗിക്കുന്നത്. റോഡ് തകര്‍ന്നതിനാല്‍ വലിയ ലോറികള്‍ നെല്ല് സംഭരണത്തിനായി ബണ്ടിന്‍റെ പകുതി വഴി മാത്രമെ എത്താറുള്ളു. മിനി ലോറികളില്‍ നെല്ലുകയറ്റി പ്രധാന റോഡുകളിലെത്തിച്ച് മില്ലുകളിലേക്ക് കൊണ്ടുപോകുന്നത് ഏറെ നഷ്ടമുണ്ടാക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു.
 

click me!