'അഞ്ചിൽ കൂടുതൽ കുട്ടികളെങ്കിൽ ധനസഹായം' വിവാദമായി, വിശദീകരിക്കാൻ പാലാ രൂപത

By Web TeamFirst Published Jul 27, 2021, 8:24 AM IST
Highlights

അഞ്ച് കുട്ടികളുണ്ടെങ്കില്‍ വമ്പൻ ഓഫറാണ് പാലാ രൂപതയുടെ വാഗ്ദാനം ചെയ്യുന്നത്. 2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. 

കോട്ടയം: അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ കുടുംബത്തിന് ധനസഹായവും സ്കോളര്‍ഷിപ്പും നല്‍കുമെന്ന് സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ പാലാ രൂപത. ഇടവകക്കാര്‍ക്കായി സംഘടിപ്പിച്ച ഒരു ഓണ്‍ലൈൻ യോഗത്തിലാണ് രൂപതാ മെത്രാൻ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് പാലാ രൂപതയ്ക്ക് നേരെ ഉയരുന്നത്. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായതാണെന്നും ഇന്ന് ഇക്കാര്യത്തെ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കുമെന്നും സഭാ വക്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഞ്ച് കുട്ടികളുണ്ടെങ്കില്‍ വമ്പൻ ഓഫറാണ് പാലാ രൂപതയുടെ വാഗ്ദാനം ചെയ്യുന്നത്. 2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്‍റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കും. പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്‍റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ശനിയാഴ്ച നടന്ന ഒരു ഓണ്‍ലൈൻ യോഗത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് രൂപതാ അധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട് സഭാവിശ്വാസികളോട് സംസാരിച്ചത്. പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കി പോസ്റ്റര്‍ ഇറങ്ങിയത്. 'അല്‍പ സ്വല്‍പം വകതിരിവ്' എന്ന ക്യാപ്ഷനോടെ പാലാരൂപതയുടെ തീരുമാനത്തിന്‍റെ പോസ്റ്റര്‍ പങ്ക് വെച്ചുകൊണ്ടാണ് സംവിധായകൻ ജിയോ ബേബിയുടെ വിമര്‍ശനം. സമുദായത്തിന്‍റെ അംഗബലം കൂട്ടാൻ പരസ്യനോട്ടീസെന്ന് ചിലരുടെ വിമര്‍ശനം. ഇതോടെ സഭ വെട്ടിലായി. ഫേസ്ബുക്ക് പോസ്റ്റര്‍ അപ്രത്യക്ഷമായി. സന്ദേശത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇന്ന് മെത്രാൻ തന്നെ ഇക്കാര്യത്തിലെ ഔദ്യോഗിക വിശദീകരണം ഇറക്കുമെന്നാണ് പാലാ രൂപത പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!