
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കോഴിപ്പോര് നടത്തിയ സംഘത്തെയും പോരു കോഴികളെയും ഓടിച്ചിട്ട് പിടിച്ച് പൊലീസ്. എട്ട് പോരു കോഴികളുള്‍പ്പടെ മൂന്നംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വടകരപ്പതി അനുപ്പൂരിനു സമീപത്തുള്ള തോപ്പിൽ നിന്നാണു ഒഴലപ്പതി അനുപ്പൂർ സ്വദേശികളായ ഷാൻ ബാഷ (24), നവീൻ പ്രസാദ് (23), പൊള്ളാച്ചി എല്ലപ്പെട്ടാൻകോവിൽ സ്വദേശി രമേഷ് (34) എന്നിവരെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 8 പോരു കോഴികളെയും 200 രൂപയും കണ്ടെടുത്തു.
പിടികൂടിയ എട്ട് പോരുകോഴികളെ പരസ്യമായി ലേലം ചെയ്ത പൊലീസിന് ലഭിച്ചത് 16,600 രൂപയാണ്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണു കോഴിപ്പോര് പിടികൂടിയതെന്നും കോഴികളെ ലേലം ചെയ്ത വകയിൽ ലഭിച്ച 16600 രൂപ കോടതിയിലേക്കു കൈമാറുമെന്നും എസ്ഐ എം. മഹേഷ്കുമാർ പറഞ്ഞു.
അതിർത്തി ഗ്രാമങ്ങളിലെ തോപ്പുകളിൽ നടത്തുന്ന കോഴിപ്പോരിൽ നിന്നാണ് ഇന്നലെ 8 പോരു കോഴികളെയും പോര് നടത്തിയിരുന്ന മൂന്ന് യുവാക്കളെയും പൊലീസ് ഓടിച്ചിട്ടു പിടിച്ചത്. ആളൊഴിഞ്ഞ തോപ്പുകളിൽ ഒളിഞ്ഞും തെളിഞ്ഞും കോഴിപ്പോരിനെത്തുന്നവർ ഒട്ടേറെയാണ്. തമിഴ്നാട്ടിൽ നിന്നടക്കമുള്ളവർ രഹസ്യ സ്ഥലങ്ങളിൽ കോഴിപ്പോരിന് എത്താറുണ്ടെന്ന് എസ്ഐ പറഞ്ഞു.
ഇന്നലെ നടന്ന ലേലത്തിൽ 2 മുതൽ 4 കിലോഗ്രാം വരെ തൂക്കമുള്ള കോഴികളാണുണ്ടായിരുന്നത്. ലേലത്തിൽ 1200 രൂപ മുതൽ 4000 രൂപ വരെ തുകയ്ക്കാണു കോഴികൾ വിറ്റുപോയത്. 8 കോഴികൾക്കുമായി 16600 രൂപ ലേലത്തിൽ ലഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam