ഓടിക്കൂടിയ നാട്ടുകാർക്ക് പ്രവാസിയുടെ വീട്ടിൽ നിന്ന് കിട്ടിയത് അച്ചടിച്ച മുന്നറിയിപ്പ് നോട്ടീസ്, വീടിന് തീയിട്ട കേസിൽ വിവരങ്ങൾ പുറത്ത്

Published : Oct 29, 2025, 01:36 AM IST
fire

Synopsis

വിദേശത്ത് വിറ്റ കാറിന്റെ പണം നൽകാത്തതിലുള്ള പ്രതികാരമായി ഒരാൾ പാലക്കാട് പട്ടാമ്പിയിൽ വീടിന് തീയിട്ടു. വീട്ടുകാർ രക്ഷപ്പെട്ടെങ്കിലും വീടും വാഹനങ്ങളും കത്തിനശിച്ചു, തീയിട്ടയാൾ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിലാണ്.

പാലക്കാട് : വിദേശത്ത് വച്ച് വിറ്റ കാറിന്റെ പണം പൂർണമായും നൽകിയില്ലെന്ന് ആരോപിച്ച് കാർ വാങ്ങിയ ആളുടെ നാട്ടിലെ വീടിന് തീയിട്ട് പ്രതികാരം. പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. മുതുതല സ്വദേശി ഇബ്രാഹിമിന്റെ വീടിനാണ് എറണാകുളം പറവൂർ സ്വദേശി പ്രേംദാസ് തീയിട്ടത്. ആളിക്കത്തുന്ന വീട്ടിനകത്ത് ആത്മഹത്യക്ക് ശ്രമിച്ച പ്രേംദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിൽ നിന്ന് ബാക്കി പണം ഉടൻ തിരി നൽകണമെന്ന് മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് കണ്ടെടുത്തു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മുതുതല പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇബ്രാഹിമിൻറെ വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ ഉഗ്രശബ്ദത്തിലുള്ള പൊട്ടിത്തെറിയുമുണ്ടായി .

നാട്ടുകാർ ഓടിക്കൂടും മുമ്പ് വീടിന് തീപിടിച്ചിരുന്നു. തീയണക്കാനുളള ശ്രമത്തിനിടെയാണ് കയ്യിൽ ലൈറ്ററും കത്തിയുമായി രക്തത്തിൽ കുളിച്ച നിലയിൽ മധ്യവയസ്കനെ കാണുന്നത്. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി ആംബുലൻസിലേക്ക് മാറ്റി.

അതിക്രമിച്ചെത്തിയ പ്രേം ദാസ് വീടിന് തീവെച്ചപ്പോൾ ഇബ്രാബിമിന്റെ ഭാര്യയും രണ്ട് മക്കളും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. പോർച്ചിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറും സ്കൂട്ടറും വീടിൻറെ ഒരു ഭാഗവും കത്തിനശിച്ചു. ഓടിക്കൂടിയ നാട്ടുകാർക്ക് വീട്ടിനകത്ത് നിന്ന് അച്ചടിച്ച ഒരു മുന്നറിയിപ്പ് നോട്ടീസും ലഭിച്ചു. ഇതോടെയാണ് കൊള്ളിവെപ്പിലും ആത്മഹത്യാ ശ്രമത്തിലും കലാശിച്ച സംഭവവികാസങ്ങൾ പുറം ലോകം അറിയുന്നത്. രണ്ടര വർഷം മുന്പ് സൗദിയിൽ വെച്ച് പ്രേംദാസിന്റെ കാർ ഇബ്രാഹിമിന് വിറ്റിരുന്നു. രണ്ട് ലക്ഷം രൂപയ്ക്കാണ് കരാ‌ർ ഉറപ്പിച്ചത്. ഇതിൽ പകുതി അപ്പോൾ തന്റെ കൈമാറി വാഹനം കൊണ്ടുപോയി. ബാക്കി ഒരു ലക്ഷം പിന്നീട് ഇബ്രാഹീം നൽകിയില്ലെന്ന് പ്രേംദാസ് പറയുന്നു. ഫോൺ വിളിച്ചിട്ടും നേരിട്ട് വിളിച്ചിട്ടും മറുപടിയില്ല. ആ പണം ഉടൻ തിരികെ വേണം. ഇക്കാര്യങ്ങളാണ് മുന്നറിയിപ്പ് നോട്ടീസിലും ഉള്ളത്.

സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് കടുംകൈക്ക് പിന്നിലെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം. കൂടുൽ വ്യക്തത വരാൻ ആശുപത്രിയിൽ കഴിയുന്ന പ്രേംദാസിന്റെയും വിദേശത്തുള്ള ഇബ്രാഹീമിന്റെയും മൊഴിയെടുക്കേണ്ടതുണ്ട്. സംഭവത്തിൽ കൊപ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

 

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു