ഒ വി വിജയന്റെ പ്രതിമ പുനസ്ഥാപിക്കും; നിയമപോരാട്ടത്തിന് ഒരുങ്ങി പാലക്കാട് ന​ഗരസഭ

By Web TeamFirst Published Jul 24, 2019, 9:41 PM IST
Highlights

നഗരത്തിലെ കാഴ്ച മറയ്ക്കുന്ന പ്രതിമ വാഹനാപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ആരോപിച്ചാണ് പാലക്കാട് മുന്നോട്ട് എന്ന സംഘടന കോടതിയെ സമീപിച്ചത്.  എന്നാൽ കോടതിയെ തെറ്റിധരിപ്പിച്ചാണ് ഉത്തരവ് നേടിയതെന്ന് നഗരസഭ കൗൺസിൽ വിലയിരുത്തിയതായി നഗരസഭാ വൈസ് ചെയർമാൻ സി കൃഷ്ണകുമാർ പറഞ്ഞു.

പാലക്കാട്: ന​ഗരത്തിൽ നിന്ന് പിഴുത് മാറ്റിയ സാഹിത്യകാരന്‍ ഒ വി വിജയന്റെ പ്രതിമ പുനസ്ഥാപിക്കുമെന്ന് ന​ഗരസഭ കൗൺസിൽ. പ്രതിമ മാറ്റാൻ കോടതി ഉത്തരവ് നേടിയ 'പാലക്കാട് മുന്നോട്ട്' എന്ന സംഘടനയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്നും നഗരസഭ കൗൺസിൽ വ്യക്തമാക്കി.

എസ്ബിഐ ജം​ഗ്ഷനിലെ ഒ വി വിജയൻ പ്രതിമ കഴിഞ്ഞ മാസം 26-നാണ് പിഴുത് മാറ്റിയത്. മുൻസിഫ് കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. നഗരത്തിലെ കാഴ്ച മറയ്ക്കുന്ന പ്രതിമ വാഹനാപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ആരോപിച്ചാണ് പാലക്കാട് മുന്നോട്ട് എന്ന സംഘടന കോടതിയെ സമീപിച്ചത്. സ്ഥലത്തിന്‍റെ നടത്തിപ്പ് അവകാശത്തെക്കുറിച്ചും സംഘടന കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ കോടതിയെ തെറ്റിധരിപ്പിച്ചാണ് ഉത്തരവ് നേടിയതെന്ന് നഗരസഭ കൗൺസിൽ വിലയിരുത്തിയതായി നഗരസഭാ വൈസ് ചെയർമാൻ സി കൃഷ്ണകുമാർ പറഞ്ഞു.

ഒ വി വിജയൻ സ്മാരക സമിതി ഏറ്റെടുത്ത പ്രതിമ തസ്രാക്കിലെ ഞാറ്റുപുരയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതേ പ്രതിമ വേണോ പുതിയ പൂർണകായ പ്രതിമ വേണോ എന്ന് സമിതിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ തുടർ നടപടികൾക്കായി നഗരസഭ നിയമോപദേശം തേടിയിട്ടുണ്ട്.
 

click me!