ഉരുള്‍പൊട്ടല്‍ ഭീതിയില്‍ പാമ്പന്‍തോട് കോളനി വാസികള്‍

By Web TeamFirst Published Aug 5, 2020, 9:21 AM IST
Highlights

കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ഫണ്ട് പാസ്സാക്കി. എന്നാല്‍ കൃഷി ഉപജീവനമാക്കിയ ഇവിടുത്തുകാര്‍ കോളനിയില്‍ നിന്ന് മാറി ദൂര സ്ഥലങ്ങളിലേക്ക് താമസം മാറാന്‍ തയ്യാറായില്ല.
 

പാലക്കാട്: ഉരുള്‍പൊട്ടല്‍ ഭീതിയില്‍ പാലക്കാട് പാമ്പന്‍തോട് ആദിവാസി കോളനിയിലെ 60 കുടുംബങ്ങള്‍. 2018 ലെ പ്രളയകാലത്ത് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച മലയോര മേഖലയിലാണ് ഇവര്‍ താമസിക്കുന്നത്. കോളനിയില്‍ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കണമെന്ന് ജിയോളജി വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടികള്‍ പാതിവഴിയിലാണ്.

മഹാപ്രളയകാലത്ത് അത്ഭുതകരമായാണ് പൂഞ്ചോല പാമ്പന്‍തോട് ആദിവാസി കോളനിയിലെ 60 കുടുംബങ്ങള്‍ രക്ഷപ്പെട്ടത്. അന്നുണ്ടായ ഉരുള്‍പൊട്ടലില്‍ അടിഞ്ഞ് കൂടിയ കൂറ്റന്‍ പാറകളും മരങ്ങളും ഇപ്പോഴും നീക്കിയിട്ടില്ല. ഏക്കറ് കണക്കിന് കൃഷി സ്ഥലവും ആകെയുണ്ടായിരുന്ന റോഡുമെല്ലാം താറുമാറായി. രണ്ടാം പ്രളയാനന്തര കാലത്ത് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കോളനി സുരക്ഷിത വാസത്തിന് യോജിച്ചതല്ലെന്ന് കണ്ടെത്തുകയും ചെയ്തു. 

തുടര്‍ന്ന് കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ഫണ്ട് പാസ്സാക്കി. എന്നാല്‍ കൃഷി ഉപജീവനമാക്കിയ ഇവിടുത്തുകാര്‍ കോളനിയില്‍ നിന്ന് മാറി ദൂര സ്ഥലങ്ങളിലേക്ക് താമസം മാറാന്‍ തയ്യാറായില്ല. എന്നാല്‍ കോളനിക്ക് സമീപം ഒരു കുടുംബത്തിന് 10 സെന്റ് വീതം സ്ഥലം കണ്ടെത്തിയെങ്കിലും റവന്യൂ വകുപ്പ് നടപടികള്‍ വേഗത്തിലാക്കത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
 

click me!