കൊവിഡ് ജാഗ്രത; മൊബൈല്‍ ക്ലിനിക്കുമായി പള്ളിവാസല്‍ പഞ്ചായത്ത്

By Web TeamFirst Published Jun 3, 2021, 8:59 AM IST
Highlights

കൊവിഡ് നെഗറ്റീവായവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം തേടാം.
 

ഇടുക്കി: കൊവിഡ്, കൊവിഡാനന്തര ചികിത്സകള്‍ക്കായി മൊബൈല്‍ ക്ലിനിക്കുമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പള്ളിവാസല്‍ പഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയത്.

കൊവിഡ് നെഗറ്റീവായവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം തേടാം. ചിത്തിരപുരം സി എച്ച് സി, കല്ലാര്‍ പി എച്ച് സി, ആയുഷ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നിശ്ചിത ദിവസങ്ങളില്‍ അലോപ്പതി, ആയുര്‍വേദ, സിദ്ധ, ഹോമിയോ ഡോക്ടര്‍മാരുടെയും നഴ്സിന്റെയും സോഷ്യോ സൈക്കോ കൗണ്‍സിലറുടെയും സേവനം ലഭ്യമാകുമെന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു.

മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍ഹിച്ചു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി എസ് അഭിലാഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എ നിസാര്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!