
തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് സേവാഭാരതി നവീകരിച്ചു നൽകിയ വീടിനെ ചൊല്ലി വിവാദം കനക്കുന്നു. സേവാഭാരതിയുടെ 'തല ചായ്ക്കാനൊരിടം' പദ്ധതിയുടെ ഭാഗമായാണ് പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഉപ്പുങ്ങലില്‍ വീട് നവീകരിച്ചു നൽകിയത്. വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് നിർവഹിച്ചത്. എന്നാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് നൽകിയ വീടാണ് സേവാഭാരതി നിര്‍മിച്ചു നൽകിയ വീടാണെന്ന് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ബിജെപി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊണ്ട് താക്കോല്‍ദാനം ചെയ്യിപ്പിച്ചതെന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍, വൈസ് പ്രസിഡന്റ് ഇ.കെ. നിഷാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അതേസമയം പഞ്ചായത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സോവാഭാരതി ഭാരവാഹികള്‍ പറഞ്ഞു. വീട് നിര്‍മിക്കാന്‍ കുടുംബത്തിന് സര്‍ക്കാരില്‍നിന്ന് പണം ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഒന്നര മാസം മുമ്പ് ഈ കുടുംബത്തിലെ മകളും തൊട്ടടുത്ത ദിവസം അച്ഛനും മരണപ്പെട്ടു.
ഇവര്‍ താമസിക്കുന്ന വീടിന്റെ ചുമരും കോണ്‍ക്രീറ്റും മാത്രമെ കഴിഞ്ഞിരുന്നുള്ളൂ. അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിന്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞാണ് സേവാഭാരതി ഏഴര ലക്ഷം രൂപയോളം ചെലവഴിച്ച് വീടിന്റെ പണി പൂര്‍ത്തീകരിച്ച് താമസ യോഗ്യമാക്കിയത്. നവീകരിച്ച വീടിന്റെ താക്കോല്‍ദാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചത്. വീടിന്റെ ക്രെഡിറ്റ് സേവാഭാരതി ഏറ്റെടുത്തെന്ന പഞ്ചായത്ത് അധികൃതരുടെ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംഘാടകരായ സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രജീഷ് കൂമ്പില്‍, സി.എസ്. രാജീവ്, എന്‍.ജി. വിനികുമാര്‍, ജയരാജ് ചക്കാലകൂമ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam