മൂന്നാം നിലയ്ക്കായി കൈക്കൂലി വാങ്ങി; പഞ്ചാ‌യത്ത് ഓവർസിയറെ കൈയോടെ പൊക്കി വിജിലൻസ്

By Web TeamFirst Published Jul 6, 2022, 9:21 PM IST
Highlights

സ്ഥലപരിശോധനയ്ക്കെത്തിയ ഓവർസീയർ കെട്ടിടത്തോട് ചേർന്ന് ഷീറ്റ് പാകിയിരുന്നതിനാൽ നിർമ്മാണാനുമതി നൽകുവാൻ ബുദ്ധിമുട്ടാണെന്നും 10,000 രൂപ കൈക്കൂലി നൽകിയാൽ അനുകൂലമായി റിപ്പോർട്ട് നൽകി അനുമതി വാങ്ങി നൽകാമെന്നും പരാതിക്കാരനെ അറിയിച്ചു.

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിളപ്പിൽ ഗ്രാമപഞ്ചായത്ത് വനിതാ ഓവർസീയർ വിജിലൻസ് പിടിയിൽ. വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓവർസീയർ ഗ്രേഡ് 2 ശ്രീലതയെയാണ് വിജിലന്‍സ് പിടികൂടിയത്. കുണ്ടമൺകടവ് സ്വദേശി അൻസാറിന്റെ പക്കൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് സംഘം ശ്രീലതയെ പിടികൂടിയത്. പരാതിക്കാരനായ അൻസാറിന്റെ നിലവിലുള്ള രണ്ട് നില കെട്ടിടത്തിന് മുകളിലായി മൂന്നാമത്തെ നില പണിയുന്നതിനുള്ള അനുമതിയ്ക്കായി വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞമാസം അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഓവർസീയർ കെട്ടിടത്തോട് ചേർന്ന് ഷീറ്റ് പാകിയിരുന്നതിനാൽ നിർമ്മാണാനുമതി നൽകുവാൻ ബുദ്ധിമുട്ടാണെന്നും 10,000 രൂപ കൈക്കൂലി നൽകിയാൽ അനുകൂലമായി റിപ്പോർട്ട് നൽകി അനുമതി വാങ്ങി നൽകാമെന്നും പരാതിക്കാരനെ അറിയിച്ചു.

കൊടുംക്രൂരത, വയറ്റിൽ എയര്‍ഗണ്‍ വെടിയുണ്ടകളുമായി തെരുവ് നായ അവശനിലയിൽ

തുടർന്ന് അൻസാർ ഈ വിവരം വിജിലൻസ് ആസ്ഥാനത്തെ വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള എച്ച്. വെങ്കിടേഷ് ഐപിഎസിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഇന്റലിജൻസ് പൊലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -2 പൊലീസ് സൂപ്രണ്ട് അജയകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് സ്ഥലപരിശോധനയ്ക്കെന്ന പേരിൽ അൻസാറിന്റെ വീട്ടിലെത്തി സ്ഥല പരിശോധന നടത്തി തിരികെ പോകുന്ന വഴി വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ മുന്നിൽ വച്ച് അപേക്ഷകന്റെ കൈയ്യിൽ നിന്നും 10000 രൂപ വാങ്ങവേ ശ്രീലതയെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണ കേസ്: ജാമ്യം ലഭിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് വൻ വരവേൽപ്പ്

പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പി അനിൽകുമാർ, പൊലീസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് റിജാസ്, അനൂപ്.ആർ.ചന്ദ്രൻ, രാജീവ്.ബി, സബ് ഇൻസ്‌പെക്ടറായ മോഹനൻ പൊലീസ് ഉദ്യോഗസ്ഥരായ അശോകകുമാർ, സജി മോഹൻ, സതീഷ്, സുമന്ത് മഹേഷ്, രാംകുമാർ,സനൂജ, ഇന്ദുലേഖ, ആശമിലൻ, പ്രീത തുടങ്ങിയവരും ഉണ്ടായിരുന്നു. 

click me!