
കല്‍പ്പറ്റ: പ്രളയം കഴിഞ്ഞപ്പോള്‍ ആദിവാസികളെ മറന്ന് നൂല്‍പ്പുഴ പഞ്ചായത്ത്. ഇവരുടെ പുനരധിവാസ കേന്ദ്രത്തില്‍ ടണ്‍കണക്കിന് മാലിന്യം കൊണ്ട് വന്നിട്ടത് വിവാദമായിരിക്കുകയാണ്. സുല്‍ത്താന്‍ബത്തേരി മൈസൂര്‍ റൂട്ടിലെ കല്ലൂര്‍ കാക്കത്തോട്, ചാടകപ്പുര കോളനിവാസികളെ പുനരധിവസിപ്പിച്ചിരിക്കുന്നത് പഞ്ചായത്ത് മത്സ്യ-മാംസ മാര്‍ക്കറ്റിനായി നിര്‍മിച്ച കെട്ടിടത്തിലാണ്. എന്നാല്‍ മിഷന്‍ ക്ലീന്‍ വയനാടിന്റെ ഭാഗമായി പഞ്ചായത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യം ഇവിടെയുള്ള മുറികളില്‍ കൊണ്ടുവന്നു തള്ളുകയാണ് ചെയ്തത്.
12 മുറികളാണ് മാര്‍ക്കറ്റ് സമുച്ചയത്തില്‍ ഉള്ളത്. മാര്‍ക്കറ്റ് ഇവിടേക്ക് മാറ്റാനുള്ള പദ്ധതി പരാജയപ്പെട്ടതോടെയാണ് കോളനിവാസികള്‍ക്ക് താല്‍ക്കാലിക പുനരധിവാസമൊരുക്കാമെന്ന് ധാരണയായത്. മഴക്കാലങ്ങളില്‍ ഇരു കോളനികളിലും വെള്ളം കയറുന്നത് പതിവായതോടെ നിരവധി കുടുംബങ്ങള്‍ മാര്‍ക്കറ്റിലെ മുറികള്‍ സ്ഥിരം താമസസ്ഥലമാക്കുകയായിരുന്നു.
പകലും രാത്രിയും വാഹനങ്ങളില്‍ മാലിന്യം ഇവിടേക്ക് എത്തിയതോടെ കോളനിവാസികള്‍ തന്നെ ഇത് തടഞ്ഞ് തിരിച്ചയച്ചു. എങ്കിലും ടണ്‍കണക്കിന് മാലിന്യം ഇപ്പോഴും മുറികളിലും പുറത്തുമായി കുന്നുകൂടി കിടക്കുകയാണ്. എലിപ്പനിയും മറ്റും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പോലും ഇതിനെതിരെ രംഗത്ത് എത്തിയിട്ടില്ല. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍ സ്ഥലത്തെത്തി മാലിന്യം ഉടന്‍ നീക്കം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് പൊതു ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത നിരവധി ഭൂമിയുണ്ടായിട്ടും ആദിവാസികള്‍ താമസിക്കുന്നിടത്തേക്ക് മാലിന്യമെത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ചിലര്‍ ആരോപിച്ചു. സ്ഥിരം പുനരധിവാസം എന്ന കോളനിക്കാരുടെ ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന അധികൃതരുടെ ഈ നടപടി വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആറ് മാസത്തിനകം കോളനികളിലെ കുടുംബങ്ങളെ സ്ഥിരമായി പുനരധിവസിപ്പിക്കുമെന്നാണ് സ്ഥലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വ്യക്തമായിട്ടുള്ളത്. എങ്കിലും മുമ്പ് പറഞ്ഞ വാഗ്ദാനങ്ങളൊന്നും യഥാര്‍ഥ്യമായിട്ടില്ലെന്ന് കുടുംബങ്ങള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam