സ്വന്തം ചെലവില്‍ നഗരത്തില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച ലോട്ടറി സ്റ്റാള്‍ ഉടമയ്ക്ക് പോലീസിന്‍റെ അനുമോദനം

By Web TeamFirst Published Sep 2, 2018, 8:15 AM IST
Highlights

 നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായി പോലീസ് പലപ്പോഴായി സ്ഥാപിച്ച നിരീക്ഷണക്യാമറകള്‍ എല്ലാം കണ്ണടച്ചപ്പോള്‍ സ്വന്തം ചെലവില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച ലോട്ടറി സ്റ്റാള്‍ ഉടമയ്ക്ക് പോലീസിന്‍റെ അഭിനന്ദനം. ഏതാണ്ട് 65,000 രൂപയോളം ചെലവിട്ടാണ് കൈതമറ്റം ജോസഫേട്ടൻ എന്ന 60 കാരന്‍ നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.

കാസർകോട്: നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായി പോലീസ് പലപ്പോഴായി സ്ഥാപിച്ച നിരീക്ഷണക്യാമറകള്‍ എല്ലാം കണ്ണടച്ചപ്പോള്‍ സ്വന്തം ചെലവില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച ലോട്ടറി സ്റ്റാള്‍ ഉടമയ്ക്ക് പോലീസിന്‍റെ അഭിനന്ദനം. ഏതാണ്ട് 65,000 രൂപയോളം ചെലവിട്ടാണ് കൈതമറ്റം ജോസഫേട്ടൻ എന്ന 60 കാരന്‍ നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. ഒടയംചാലില്‍ ടൗണിലെ പുറമ്പോക്ക് ഭൂമിയില്‍ ജോസഫും ഭാര്യ വത്സലകുമാരിയും ചേർന്ന് നടത്തുന്ന ഹരിത കാവേരി ലോട്ടറി സ്റ്റാളിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനായി ചെലവഴിച്ചത്. .

അമ്പലത്തറ, രാജപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഒടയംചാൽ ടൗൺ. കാസര്‍കോട് നഗരത്തില്‍ നിന്നും മലയോരത്തേക്കുള്ള കവാടമായി വിശേഷിപ്പിക്കുന്ന ഒടയംചാലിൽ നിന്നാണ് പാണത്തൂർ, ചെറുപുഴ, കൊന്നക്കാട് ഭാഗങ്ങളിലേക്കുള്ള റോഡുകൾ പോകുന്നത്. ഇതുകൊണ്ട് തന്നെ ഏറെ തിരക്കുള്ള ടൗണാണ് ഒടയംചാല്‍. പലപ്പോഴും നഗരത്തിലെ സംഘര്‍ഷങ്ങള്‍ പോലീസിന് തലവേദനയാകാറുണ്ട്. 

ഇത്തരത്തില്‍ നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ നിയമത്തിന്‍റെ മുൻപിൽ കൊണ്ടുവരുന്നതിനുമാണ് ജോസഫേട്ടൻ സ്വന്തമായി പണം ചെലവഴിച്ച് ടൗണിൽ ഒന്നിലധികം സി.സി.ടി.വി.കാമറകൾ സ്ഥാപിച്ചത്. ഇതിന്‍റെ കൺട്രോൾ റൂം ജോസഫേട്ടന്‍റെ ലോട്ടറി സ്റ്റാളായിരുന്നു. തന്‍റെ നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനത്തിന് പോലീസ് മേധാവിയെ കാത്തിരിക്കുന്ന കൈതമറ്റം ജോസഫിനെ കുറിച്ച് രണ്ട് ദിവസംമുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കാസർകോട് ജില്ലാ പോലീസ് മേധാവി ഒടയംചാലിൽ നേരിട്ടെത്തി ജോസഫേട്ടനെ ആദരിക്കുകയും കേരളാ പൊലീസിന് വേണ്ടി അനുമോദനന പത്രവും നൽകിയത്. ഈ സി.സി.ടി.വി.കാമറകൾ നാടിന്‍റെ കണ്ണായിരിക്കുമെന്നും പോലീസിന്‍റെ കൈയ്യൊപ്പ് ഇതിന് ഉണ്ടാകുമെന്നും എസ്.പി.ഡോ.എ.ശ്രീനിവാസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.പി.കെ.സുധാകരൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ബിജു.അമ്പലത്തറ എസ്.ഐ.സതീഷ്.എന്നിവർ സംസാരിച്ചു.

ഒടയംചാലിലും പരിസരത്തുമുള്ളവരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച ഭക്ഷ്യവസ്തുക്കൾ വയനാട്ടിലേക്കെത്തിച്ച വാഹനത്തിന്‍റെ വാടക വഹിച്ചതും ജോസഫ് കൈതമറ്റമാണ്. അഴിമതിക്കെതിരെയുള്ള ആശയങ്ങളുമായി കാസർഗോഡ് പാർലമെന്‍റ് മണ്ഡലത്തിലേക്കും, പഞ്ചായത്ത് വാർഡിലേക്കുള്ള തെരഞ്ഞെടുപ്പിലും ജോസഫേട്ടന്‍ മത്സരിച്ചിട്ടുണ്ട്. 

click me!