Latest Videos

അവധി മുതലാക്കി സര്‍ക്കാർ സ്ഥലത്ത് നിർമാണം, അനുമതിയില്ല, ഉടമകൾ ആരാണെന്ന് അറിയില്ല; ബോർഡ് സ്ഥാപിച്ച് പഞ്ചായത്ത്

By Afsal EFirst Published Sep 18, 2023, 9:39 PM IST
Highlights

അനുമതിയില്ലാതെ  അവധി ദിവസങ്ങളുടെ മറവിലാണ് നിർമാണം നടത്തിയതെന്നാണ് അധികൃതരുടെ വാദം. കെട്ടിടങ്ങളുടെ ഉടമകളെ തിരിച്ചറിയാനായിട്ടില്ല.

മൂന്നാർ: മൂന്നാറില്‍ റവന്യൂ ഭൂമി കയ്യേറി അനധികൃതമായി നിർമാണമാരംഭിച്ച  കെട്ടിടങ്ങൾ പഞ്ചായത്ത്‌ ഏറ്റെടുത്ത് ബോർഡ്‌ സ്ഥാപിച്ചു. പത്താം വാർഡ് ഇക്കാനഗർ ഭാഗത്ത്  നിർമാണത്തിലിരുന്ന റിസോർട്ടിന് വേണ്ടി പണിത കെട്ടിടമുൾപ്പെടെ മൂന്ന് കെട്ടിടങ്ങളാണ് പഞ്ചായത്ത്‌ ഏറ്റെടുത്തത്. കൈയ്യേറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് എൻജിനീയറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി.

‍റവന്യൂ ഭൂമിയും തോട് പുറമ്പോക്കും കൈയ്യേറി ബഹുനില കെട്ടിടങ്ങൾ നിർമിച്ചതായി ഈ പരിശോധനയിലാണ് കണ്ടെത്തിയത്. അനുമതിയില്ലാതെ  അവധി ദിവസങ്ങളുടെ മറവിലാണ് നിർമാണം നടത്തിയതെന്നാണ് അധികൃതരുടെ വാദം. കെട്ടിടങ്ങളുടെ ഉടമകളെ തിരിച്ചറിയാനായിട്ടില്ല. കെട്ടിടം പൊളിച്ചു നീക്കുന്നതിനാണ് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ എൻ.ഒ.സി. ഉൾപ്പെടെയുള്ള ഭൂമി സംബന്ധമായ രേഖകൾ ഹാജരാക്കിയാല്‍ കെട്ടിടം നിയമാനുസൃതമാക്കി മാറ്റാനാവുന്നതാണ്. ഏറ്റെടുത്ത കെട്ടിടത്തിൽ മറ്റാർക്കും പ്രവേശനം ഉണ്ടായിരിക്കില്ല എന്നും സെക്രട്ടറി കെ.എൻ.സഹജൻ പറഞ്ഞു.

Read also: അത്യാ‍ഡംബര ബിഎംഡബ്ല്യു, ദില്ലി രജിസ്ട്രേഷൻ 'നമ്പറിൽ' കേരളത്തിൽ കറക്കം! എംവിഡി വിട്ടില്ല, ഒടുവിൽ മുട്ടൻ പണി

അതേസമയം ഗുരുതര കൃത്യ വിലോപം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി നെടുംകണ്ടം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. നിലവിൽ  ആലപ്പുഴ വെണ്മണി പഞ്ചായത്ത്‌ സെക്രട്ടറിയായി ജോലി ചെയ്യുന്ന എ വി അജികുമാറിനെതിരെയാണ് നടപടിയെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തതായി തദ്ദേശ സ്വയം ഭരണ വകുപ്പ്  പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. 

എ വി അജികുമാർ നെടുംകണ്ടം പഞ്ചായത്ത്‌ സെക്രട്ടറി ആയിരിക്കെ നിരവധി ക്രമക്കേടുകൾ നടത്തിയതയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ 16. 56 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നു. ആവശ്യമായ രേഖകൾ ഇല്ലാതെ  പഞ്ചായത്ത്‌ സെക്രട്ടറിയുടെ പേരിൽ  74 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിലെയും  2023 ഏപ്രിൽ മുതൽ  ജൂൺ വരെയുമുള്ള തനത് ഫണ്ട് വിനിയോഗത്തിലാണ് ക്രമക്കേടുകൾ നടന്നിട്ടുള്ളത്. 

മാലിന്യ സംസ്‌കരണ പ്ലാന്റ്, റോഡ്, തോട്, ചെക്ക് ഡാം എന്നിവിടങ്ങളില്‍ നിന്നും മണ്ണ്, മണല്‍, ചെളി എന്നിവ നീക്കം ചെയ്ത ഇനത്തില്‍ നല്‍കിയ വൗച്ചറുകളിലാണ് കൃത്രിമം നടന്നിരിയ്ക്കുന്നത് . പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങളോ പ്രൊജക്ടുകളോ സാങ്കേതിക വിഭാഗത്തിന്റെ റിപ്പോര്‍ട്ടോ ഇല്ലാതെ എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ എസ്റ്റിമേറ്റ് ഇല്ലാതെയുമാണ് മിക്ക പണികളും ചെയ്തിരിക്കുന്നത്. നിയമാനുസൃതമുള്ള കരാറുകളിലും ഏര്‍പ്പെട്ടിട്ടില്ല. കൂടാതെ ഒരു പദ്ധതിക്കും മേല്‍നോട്ടം ഉണ്ടായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!