
കണ്ണൂർ: പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ (Pilathara Pappinisseri road) പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ (Pappinisseri, Thavam Overbridges) അടിയന്തര അറ്റകുറ്റപ്പണിക്കായി ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും. ഈ കാലയളവില്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാന്‍ ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഇതു വഴിയുള്ള സ്വകാര്യ ബസുകളുടെ സര്‍വീസ് ക്രമീകരിക്കും. സ്വകാര്യ വാഹനങ്ങള്‍ വഴി തിരിച്ചുവിടും. എംഎല്‍എമാരായ കെ വി സുമേഷ്, എം വിജിന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.
മേല്‍പ്പാലം അറ്റകുറ്റപ്പണി നീട്ടിവെക്കാന്‍ കഴിയാത്തവിധം അനിവാര്യമായതിനാല്‍ അസൗകര്യങ്ങളുമായി പൊതുജനങ്ങളും വാഹന ഉടമകളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഈ പാലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറിങ്ങ് വിഭാഗം പരിശോധിച്ച്, ബലക്ഷയമോ നിര്‍മാണത്തില്‍ ഘടനാപരമായ പോരായ്മയോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍, അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നും സംഘം നിര്‍ദേശിച്ചു. ഈ പ്രവൃത്തി നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും മഴ കാരണം നീണ്ടുപോയതായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കുന്നുവെങ്കിലും നിശ്ചിത സമയത്തിന് മുമ്പ് തന്നെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയും വിധം പരമാവധി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ എംഎല്‍എമാര്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രവൃത്തി ആരംഭിക്കാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇതിനകം ഒരുക്കിയതായും പരമാവധി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും തളിപ്പറമ്പ് വഴി ദേശീയപാതയിലൂടെ മാത്രമേ പോകാവൂ. ലോറി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളെ ഒരു കാരണവശാലും ഈ റോഡിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇത് ഉറപ്പാക്കാനായി പൊലീസിനെ നിയോഗിക്കും. കണ്ണൂരില്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോകേണ്ട ചെറിയ സ്വകാര്യ വാഹനങ്ങള്‍ കുപ്പം വഴി പോകണം. മാട്ടൂല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കീച്ചേരി, അഞ്ചാംപീടിക, ഇരിണാവ് വഴിയും പോകേണ്ടതാണ്.
യോഗത്തില്‍ എംഎല്‍എമാരായ കെ വി സുമേഷ്, എം വിജിന്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ രതി (കണ്ണപുരം), ടി നിഷ (ചെറുകുന്ന്), കായിക്കാരന്‍ സഹീദ് (മാടായി), ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എന്‍ ഗീത, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം എം ബാലകൃഷ്ണന്‍, എഡിഎം കെ കെ ദിവാകരന്‍, തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്‌സി, പൊതുമരാമത്ത് റോഡ് വിഭാഗം കണ്ണൂര്‍ എക്സി. എഞ്ചിനീയര്‍ എം ജഗദീഷ്, കെഎസ്ടിപി കണ്ണൂര്‍ അസി. എക്‌സി. എഞ്ചിനീയര്‍ ഷീല ചോറന്‍, ആര്‍ടിഒ ഉണ്ണികൃഷ്ണന്‍, ഡിവൈഎസ്പിമാരായ കെ ഇ പ്രേമചന്ദ്രന്‍, എ കെ രമേഷ്, ബസുടമാ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam