
കല്‍പ്പറ്റ: വയനാട്-നിലമ്പൂര്‍ അതിര്‍ത്തി വനമേഖലയില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ പരപ്പന്‍പ്പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. ചോലനായ്ക്ക വിഭാഗത്തിലുള്‍പ്പെട്ട 12 കുടുംബങ്ങളില്‍ നിന്നായി കുട്ടികള്‍ അടക്കം 44 പേരെയാണ് മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.
കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ പുഴയോരത്തായിരുന്നു കുടുംബങ്ങള്‍ വര്‍ഷങ്ങളായി താമസിച്ചിരുന്നത്. മഴ ശക്തമാവുമ്പോള്‍ വനമേഖലയിലുള്‍പ്പെടുന്ന ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സാഹചര്യത്തിലാണ് കോളനിവാസികളെ മാറ്റിയത്. നാല് കിലോമീറ്റര്‍ താഴ്ച്ചയിലാണ് വീടുകള്‍ ഉള്ളത്. മാത്രമല്ല രാത്രിയില്‍ മഴ ശക്തമായാല്‍ വന്‍അപകടമായിരിക്കും ഉണ്ടാകുക. ഇത് മുന്നില്‍കണ്ടാണ് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നിര്‍ദേശപ്രകാരം മൂപ്പൈനാട് പഞ്ചായത്ത് റവന്യൂ- വനം- പട്ടികവര്‍ഗ വികസന വകുപ്പുകള്‍ ചേര്‍ന്ന് ഇവരെ പുറത്തെത്തിച്ചത്.
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന, നോര്‍ത്ത് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍, വൈത്തിരി തഹസില്‍ദാര്‍ ടി.പി അബ്ദുല്‍ ഹാരിസ് എന്നിവര്‍ നടപടികള്‍ക്ക് മുന്‍കയ്യെടുത്തു. പൊതുസമൂഹവുമായി അധികം ബന്ധമില്ലാത്ത കുടുംബങ്ങളുമായി സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരായ കെ. വീരാന്‍കുട്ടി, കെ. ഹാഷിഫ് എന്നിവര്‍ സംസാരിച്ചതോടെയാണ് ഇവര്‍ മാറി താമസിക്കാന്‍ സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിനുള്ളിലെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam