സ്വത്ത് തട്ടിയെടുത്ത ശേഷം ഇറക്കിവിട്ടു; മകന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി മാതാപിതാക്കള്‍

By Web TeamFirst Published Jun 14, 2020, 11:15 AM IST
Highlights

വീട് വാങ്ങാനായി കയ്യിലുണ്ടായിരുന്ന പണവും ജെയ്നിയുടെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം സുജകുമാർ കയ്യൊഴിഞ്ഞുവെന്ന് മാതാപിതാക്കള്‍ പറയുന്നു. 

തിരുവനന്തപുരം: സ്വത്ത് തട്ടിയെടുത്ത ശേഷം ഇറക്കിവിട്ടെന്ന പരാതിയുമായി മകന്റെ വീടിന് മുന്നിൽ മാതാപിതാക്കളുടെയും മാതൃസഹോദരിയുടെയും കുത്തിയിരിപ്പ് പ്രതിഷേധം. നെയ്യാറ്റിന്‍കര മാരായമുട്ടം ചായ്ക്കോട്ടുകോണം സ്വദേശി സുജകുമാറിനെതിരെയാണ് അച്ഛനും അമ്മയും പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ട മകനെതിരെ പൊലീസിനെ സമീപിച്ചിട്ടും നടപടിയെടുത്തില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
 
70കാരനായ ചെല്ലപ്പെനും 65കാരിയായ ഓമനയും മകന്റെ വീടിന് മുന്നിൽ പ്രതിഷേധത്തിലാണ്. ഓമനയുടെ സഹോദരി ജെയ്നിയും ഒപ്പമുണ്ട്. സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കി സ്വത്ത് തട്ടിയെടുത്ത ശേഷം മകൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. മകൻ സുജകുമാറിനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട് വാങ്ങാനായി കയ്യിലുണ്ടായിരുന്ന പണവും ജെയ്നിയുടെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം സുജകുമാർ കയ്യൊഴിഞ്ഞുവെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞദിവസം സുജയകുമാർ ഇവരെ വീട്ടിൽ നിന്ന് ഇറക്കിവിട്ടത്.
 
ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമമുണ്ടായിരുന്നു എന്ന് ഇവർ പറയുന്നു കൊവിഡ് കാലമായതിനാൽ ബന്ധുവീടുകളിൽ പോലും അഭയം ലഭിക്കാതെ ദുരിതത്തിലാണ് ഈ വൃദ്ധജനങ്ങൾ. നാട്ടുകാർ ഇടപെട്ട് മൂവരെയും താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മാതാപിതാക്കളുടെ ആരോപണത്തിൽ സുജയകുമാർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം പരാതി കിട്ടിയിട്ടില്ലെന്നും മുമ്പ് തന്നെ സ്വമേധയാ ഇവർ സുജകുമാറിന്റെ വീട്ടിൽ നിന്ന് മാറി താമസിച്ചതാണെന്നുമാണ് മാരാമുട്ടം പൊലീസിന്റെ വിശദീകരണം.

click me!