
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിച്ച് രക്ഷപെട്ട കേസിൽ പ്രതികളായ തമിഴ്‌നാട് സ്വദേശിനികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാര്‍വതി എന്നിവരെയാണ് ഒരുവര്‍ഷം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴത്തുക പേഴ്സിന്‍റെ ഉടമസ്ഥയ്ക്ക് നല്‍കാനും ഉത്തരവിട്ടു. ബി എൻ എസ് മുന്നൂറ്റിനാലാം വകുപ്പ് അനുസരിച്ചുള്ള സ്‌നാച്ചിംഗ് കുറ്റത്തിനാണ് ശിക്ഷ. ഈ കുറ്റകൃത്യം പുതിയതായി നിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ്. ഈ വകുപ്പ് അനുസരിച്ചുള്ള കേരളത്തിലെ ആദ്യ വിധിയാണിത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നാലിലെ സിവില്‍ ജഡ്ജ് ശ്വേത ശശികുമാറാണ് വിധി പ്രസ്താവിച്ചത്. ജൂലൈ ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തേക്കുള്ള കെ എസ് ആർ ടി സി ബസിൽ പേരൂര്‍ക്കടയില്‍ നിന്ന് കയറിയ പാലോട് സ്വദേശിയായ യാത്രക്കാരിയുടെ പേഴ്‌സ് അമ്പലമുക്ക് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോഴാണ് തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ടത്.
പ്രതികളെ അന്ന് തന്നെ പിടികൂടി
പ്രതികൾ ഓടി രക്ഷപ്പെട്ടെങ്കിലും പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്ന് തന്നെ പ്രതികളെ പിടികൂടിയിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവർക്കെതിരെ കേസുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്.