
ന്യൂഡൽഹി: ട്രെയിനുകൾ, യാത്രക്കാർ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ എന്നിവയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എഐ ഡ്രോണുകൾ, സിസിടിവി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. റെയിൽ ഭവനിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. റെയിൽവേ സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിംഗ് ബിട്ടു, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരും രാജ്യത്തുടനീളമുള്ള ഫീൽഡ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെയിൽവേ ശൃംഖലയിൽ ഉണ്ടായ ചില തീപിടിത്തങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ സാമൂഹിക വിരുദ്ധരുടെ പങ്കാളിത്തം കണ്ടെത്തിയതായി യോഗം വിലയിരുത്തി. ഈ സാഹചര്യങ്ങളെ ഇന്ത്യൻ റെയിൽവേ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. റെയിൽവേ സുരക്ഷാ സേന ഈ കേസുകൾ സജീവമായി അന്വേഷിച്ചു വരികയാണ്. കൃത്യമായ സമയത്ത് റെയിൽവേ ഇടപെട്ടതുകൊണ്ടാണ് പലയിടങ്ങളിലും വൻ അപകടങ്ങൾ ഒഴിവായത്.
റെയിൽവേ ശൃംഖലയിലുടനീളം സിസിടിവി വിന്യാസം വ്യാപിപ്പിക്കും. ക്യാമറകളുടെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാൻ എഐ സാങ്കേതികവിദ്യയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും.റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഗവൺമെന്റ് റെയിൽവേ പോലീസും തമ്മിൽ സുരക്ഷാ വിവരങ്ങൾ വേഗത്തിൽ പങ്കുവെക്കുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനും സംവിധാനം ഒരുക്കും.സ്റ്റേഷനുകളിലും ട്രെയിനുകളിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ യാത്രക്കാരുടെ പങ്കാളിത്തം റെയിൽവേ പ്രോത്സാഹിപ്പിക്കും.
യാത്രയിലുടനീളം അതീവ ജാഗ്രത പാലിക്കണമെന്ന് യാത്രക്കാരോട് റെയിൽവേ ആവശ്യപ്പെട്ടു. റെയിൽവേ പരിസരങ്ങളിൽ സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 139 എന്ന റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിവരമറിയിക്കേണ്ടതാണെന്നും റെയിൽവേ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam