Elephant attack| ബൈക്ക് യാത്രക്കാര്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം; മാത്തൂര്‍വയല്‍ വീണ്ടും ഭീതിയില്‍

By Web TeamFirst Published Nov 21, 2021, 12:14 AM IST
Highlights

ശല്യം കുറഞ്ഞെന്ന് കരുതിയിരിക്കെവയാണ് ഇന്നലെ ഇവിടെ വീണ്ടും കാട്ടാന എത്തി വാഹന യാത്രികരായ മൂന്നുപേരെ ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ പാതിരി സൗത്ത് സെക്ഷനില്‍ നിന്നാണ് ആന എത്തിയത്.
 

കല്‍പ്പറ്റ: ഒരു വര്‍ഷത്തിന് ശേഷം കാട്ടാനയിറങ്ങി മൂന്നുപേരെ ആക്രമിച്ചതോടെ ഭീതിയിലായിരിക്കുകയാണ് പനമരത്തിനടുത്ത മാത്തൂര്‍വയലുകാര്‍(Mathurvayal). ഒരു വര്‍ഷം മുമ്പ് വരെ പതിവായി ആനക്കൂട്ടങ്ങള്‍ (wild elephant) എത്തുന്ന നാടായിരുന്നു ഇവിടം. പകല്‍ സമയങ്ങളില്‍ പോലും എത്തുന്ന ആനകള്‍ ആളുകളെ ആക്രമിക്കുന്നതും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും പതിവായിരുന്നു. ശല്യം കുറഞ്ഞെന്ന് കരുതിയിരിക്കെവയാണ് ഇന്നലെ ഇവിടെ വീണ്ടും കാട്ടാന എത്തി വാഹന യാത്രികരായ മൂന്നുപേരെ ആക്രമിച്ചത്(elephant attcaked 3 persons). വെള്ളിയാഴ്ച രാവിലെ പാതിരി സൗത്ത് സെക്ഷനില്‍ നിന്നാണ് ആന എത്തിയത്. പനമരം- നെല്ലിയമ്പം റോഡ് വഴി പോകുകയായിരുന്ന ബൈക്ക് യാത്രികര്‍ക്ക് നേരെയാണ് ആദ്യം ആന പാഞ്ഞടുത്തത്. നെല്ലിയമ്പം അഞ്ഞാലില്‍ ശിവരാമന്റെ മകള്‍ ഇരുപത്തിരണ്ടുകാരി ശില്‍പക്കും പള്ളിക്കുന്ന് സ്വദേശി അമ്പതുകാരനായ പത്രോസി (ബിനു) നുമാണ് പരിക്കേറ്റത്.

ശില്‍പ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പത്രോസിനെ പനമരം സിഎച്ച്‌സിയിലാണ് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 7.45- ഓടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പനമരം നെല്ലിയമ്പം റോഡില്‍ ഇഷ്ടികക്കളത്തിന് സമീപത്ത് ബൈക്ക് യാത്രികര്‍ക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞെത്തുകയായിരുന്നു. 

കോതമംഗലം മാര്‍ ബസേലിയോസ് കോളേജിലെ വിദ്യാര്‍ഥിനിയായ ശില്‍പ വെള്ളിയാഴ്ച രാവിലെ കോളേജില്‍ നിന്ന് പനമരത്തെത്തിയതായിരുന്നു. പിതാവ് ശിവരാമന്‍ പനമരത്തുനിന്ന് മകളെകൂട്ടി നെല്ലിയമ്പത്തേക്ക് പോവുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ബൈക്കില്‍നിന്ന് നിലത്തുവീണ ശില്‍പയെ കാട്ടാന ചവിട്ടുകയായിരുന്നു. ഇതിനിടെ തൊട്ടുപിന്നാലെയെത്തിയ മറ്റൊരു ബൈക്കിന് നേരെയും ആന തിരിഞ്ഞു. പള്ളിക്കുന്ന് നിന്ന് പുല്‍പള്ളിയിലേക്ക് കെട്ടിട നിര്‍മാണത്തിനായി പനമരംവഴി പോവുന്നതിനിടെയാണ് പത്രോസിനും സഹയാത്രികനായ റോയിക്കുംനേരെ ആനയുടെ ആക്രമണം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന പത്രോസ് റോഡിലേക്ക് വീണു. ഇതോടെ ഇദ്ദേഹത്തെ ആന ചവിട്ടി. റോയി മാത്തൂര്‍വയലിലൂടെ ഓടി സമീപത്തെ തോട്ടത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. റോയിക്ക് പിന്നാലെ ആന ഓടിയത് കൊണ്ട് മാത്രമാണ് പത്രോസിന് ജീവന്‍ തിരിച്ചു കിട്ടിയത്.

വിവരമറിഞ്ഞ് എത്തിയ നാട്ടുകാരാണ്  പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്. ആക്രമണത്തിന് ശേഷം കാട്ടാന മാത്തൂര്‍വയലിലെ മുളങ്കാടുകള്‍ക്കിടയില്‍ നിലയുറപ്പിച്ചു. 

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പത്രോസ്‌

സമീപത്തെ നെല്‍പ്പാടങ്ങളിലേക്കും ആന എത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നെയ്ക്കുപ്പ, ചെതലയം, മാനന്തവാടി, ഇരുളം സെക്ഷനിലെ വനപാലകരും പനമരം പോലീസും നാട്ടുകാരും ചേര്‍ന്ന് ഒമ്പതു മണിയോടെ കാട്ടിലേക്ക് തുരത്തിയോടിക്കുകയായിരുന്നു. വീണ്ടും ആനശല്യം വര്‍ധിച്ചതോടെ അതിരാവിലെയും വൈകീട്ടും മാത്തൂര്‍വഴിയുള്ള ഇരുചക്രവാഹന യാത്ര ഭീതിയിലായിരിക്കുകയാണ്. പനമരം-നെല്ലിയമ്പം റോഡിലേക്ക് ആനകള്‍ എത്താതിരിക്കാനുള്ള ശാശ്വത നടപടികള്‍ വനംവകുപ്പ് സ്വീകരിക്കാത്തതിനാല്‍ പ്രതിഷേധത്തിലാണ് നാട്ടുകാരും വാഹനയാത്രികരും. ആനകളെ പേടിച്ച് ആശുപത്രിയാത്ര പോലും നടത്താനാകാതെ വിഷമിക്കുകയാണ് പ്രദേശവാസികള്‍.

click me!