റോഡ് പൊട്ടിപ്പൊളിഞ്ഞു; കാല്‍നടയാത്രാക്കാരുള്‍പ്പെടെ ദുരിതത്തില്‍

By Web TeamFirst Published Aug 27, 2019, 10:58 PM IST
Highlights

കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തില്‍ മുട്ടിനുമേല്‍ വെള്ളത്തിലൂടെയാണ് പ്രദേശവാസികളും, മറ്റുള്ളവരും യാത്രചെയ്തിരുന്നത്.

കുട്ടനാട്: ചങ്ങംങ്കരി പറപ്പള്ളി ജെട്ടി-കണിയാംകടവ് മോട്ടര്‍തറ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രാക്കാർക്ക് ദുരിതമാകുന്നു. ഒന്നരപതിറ്റാണ്ടിലേറെയായി ജനപ്രതിനിധികളുടെ ദയദാക്ഷിണ്യം കാത്ത് കിടക്കുകയാണ് പ്രദേശവാസികളുടെ ഏക ആശ്രയമായ ഈ റോഡ്. എടത്വാ പഞ്ചായത്ത് 13-ാം വാര്‍ഡ് ചങ്ങങ്കരി പറപ്പള്ളി ബോട്ട് ജെട്ടി മുതല്‍ കണിയാംകടവ് മോട്ടര്‍തറ വരെയുള്ള ഈ റോഡിനാണ്  ദുരവസ്ഥ.

ഒരുകിലോമീറ്ററിലേറെ മാത്രം നീളമുള്ള  റോഡ്  ജനങ്ങള്‍ക്ക് എന്നും തീരാദുരിതമായി അവശേഷിക്കുകയാണ്. ഒന്നര പതിറ്റാണ്ടിന് മുന്‍പ് റോഡ് വികസനത്തിനായി മൂന്ന് മീറ്റര്‍ വീതിയില്‍ ഗുണഭോക്താക്കള്‍ സ്ഥലം വിട്ടുനല്‍കിയതൊഴിച്ചാല്‍ പിന്നെ ഒരു വികസനവും റോഡിന് ഉണ്ടായിട്ടില്ലന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി കുടുംബങ്ങളും പറപ്പള്ളി ബോട്ട് ജെട്ടിയില്‍ എത്തുന്ന യാത്രക്കാരും, കണിയാംകടവ് പാടത്തിലേക്ക് പേകുന്ന കൃഷിക്കാരുടേയും ഏക ആശ്രയമാണീ റോഡ്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡില്‍ വേനല്‍കാലത്ത് പോലും ഒരു മഴപെയ്താല്‍ മുട്ടോളം ചെളിക്കുളമായി തീരും. കഴിഞ്ഞ വര്‍ഷത്തെ പ്രളയശേഷം റോഡ് തകര്‍ച്ചയുടെ പൂര്‍ണ്ണതയില്‍ എത്തി.

കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തില്‍ മുട്ടിനുമേല്‍ വെള്ളത്തിലൂടെയാണ് പ്രദേശവാസികളും, മറ്റുള്ളവരും യാത്രചെയ്തിരുന്നത്. ജനപ്രതിനിധികളോടെ പരാതിപ്പെടുമ്പോള്‍ ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അത്യാസന്നനിലയിലുള്ള രോഗികളെ  ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. 

click me!