കാസർകോട് പനയാലിൽ മതിൽ നിർമ്മാണത്തിനായി മണ്ണു നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള മഹാശിലാ സംസ്കാര കാലത്തെ ചെങ്കല്ലറ കണ്ടെത്തി. ചരിത്ര ഗവേഷകർ ഇത് ശവസംസ്കാരത്തിനായി ഉപയോഗിച്ചിരുന്ന ഗുഹയാണെന്ന് സ്ഥിരീകരിച്ചു

കാസർകോട്: മതിൽ നിർമ്മാണത്തിനായി മണ്ണു നീക്കുന്നതിനിടെ രണ്ടായിരം വർഷത്തോളം പഴക്കമുള്ള മഹാശിലാസംസ്ക്കാരത്തിന്‍റെ ചരിത്ര ശേഷിപ്പായ ചെങ്കല്ലറ കണ്ടെത്തി. പള്ളിക്കര പഞ്ചായത്തിലെ പനയാൽ കളിങ്ങോത്ത് മീത്തൽ വീട് കൂക്കൾ തറവാടിന് സമീപം എം മധുസൂദനൻ നമ്പ്യാർ, എം പാർവതി അമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് അവശേഷിപ്പ് കണ്ടെത്തിയത്. മഹാശില സംസ്കാര കാലഘട്ടത്തിലാണ് ശവസംസ്കാരത്തിന്‍റെ ഭാഗമായി ഭസ്മവും അസ്ഥികളും മറ്റ് വസ്തുക്കളും നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്ത് ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്.

ഗുഹ കണ്ടെത്തിയ വിവരം പ്രദേശവാസിയായ ചന്ദ്രൻ പനയാൽ അറിയിച്ചതനുസരിച്ച് സ്ഥലം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം അധ്യാപകനും ചരിത്ര ഗവേഷകരുമായ ഡോ. നന്ദകുമാർ കോറോത്ത് കണ്ടെത്തിയ ഗുഹ മഹാശിലാ സംസ്കാരത്തിന്‍റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറയാണെന്ന് സ്ഥിരീകരിച്ചു. ചെങ്കൽപ്പാറ തുരന്ന് നിർമ്മിച്ച ചെങ്കല്ലറയുടെ വൃത്താകൃതിയിലുള്ള ഉൾഭാഗത്ത് നിന്ന് പുറത്തേക്ക് ഉള്ള കവാടം കല്ലുകൊണ്ട് അടച്ചുവച്ച നിലയിലാണുള്ളത്.

സാധാരണയായി പടികളോടുകൂടി കാണപ്പെടാറുള്ള ഭാഗം മണ്ണുമൂടിയ നിലയിലാണുള്ളത്. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ അടച്ചുവയ്ക്കാനാകുന്ന വിധത്തിൽ ഒരാൾക്ക് ഗുഹയിലേക്ക് ഉഴ്ന്നിറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്. ദ്വാരം അടച്ചു വയ്ക്കാനുപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള അടപ്പ് ജെസിബി മണ്ണ് നീക്കുന്നതിനിടയിൽ പൊട്ടിപ്പോയിരുന്നു. വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങൾ വിശ്വാസത്തിന്‍റെ ഭാഗമായി അടക്കം ചെയ്താണ് എന്ന് കരുതുന്നു.ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിന് മുമ്പ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്.

പനയാൽ കണ്ടെത്തിയ ചെങ്കല്ലറയുടെ മുകൾഭാഗത്ത് മധ്യത്തിലായി അമ്പത് സെന്‍റിമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലുള്ള ദ്വാരമുണ്ട്. മൂന്നടി ആഴത്തിലുള്ള ദ്വാരത്തിന് താഴെയായി വൃത്താകൃതിയിലാണ് ചെങ്കല്ലറയുള്ളത്. ചെങ്കല്ലറയിൽ നിന്ന് പുറത്തേക്കുള്ള കവാടം അടച്ചു വെച്ച നിലയിലാണുള്ളത്. ചെങ്കല്ലറയുടെ ഉൾഭാഗത്ത് മണ്ണ് നിറഞ്ഞതിനാൽ മൺപാത്രങ്ങൾ കാണാനാകുന്നില്ല. പ്രാദേശികമായി മുനിയറ, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, നിധിക്കുഴി, കൽപ്പത്തായം എന്നീ പേരുകളിലാണ് ചെങ്കല്ലറകൾ അറിയപ്പെടുന്നത്. മഹാശില സ്മാരകങ്ങളായ പത്ത് കുടക്കല്ലുകൾ സമീപ പ്രദേശമായ മുനിക്കല്ല്, കരിപ്പാടകം, കുളത്തൂർ എന്നിവിടങ്ങളിൽ നശിപ്പിക്കപ്പെടാതെ ഇന്നും നിലനിൽക്കുന്നുണ്ട്.

ചരിത്ര സ്മാരകം സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യകത ചരിത്ര ഗവേഷകരിൽ നിന്നും മനസ്സിലാക്കിയ പ്രദേശവാസികൾ ചെങ്കല്ലറ സംരക്ഷിക്കുമെന്ന് അറിയിച്ചു. പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തിൽ കൂടുതൽ പഠനങ്ങൾ നടത്തിയാൽ ചെങ്കല്ലറയിൽ നിന്ന് ചരിത്ര വസ്തുക്കൾ വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭന, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർ കെ.രാജൻ, കൂക്കൾ തറവാട് മുൻ പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ നായർ, കെ.പവിത്രൻ, അരുൺ പനയാൽ, സി.സന്തോഷ്, കെ. പ്രകാശൻ, കെ.തമ്പായി അമ്മ, എ. ഭാരതി, എ. നളിനി, പി.സി.നാരായണൻ, കെ.രാഘവൻ, പനയാൽ സ്കൂൾ ജീവനക്കാരൻ കെ.ബാലകൃഷ്ണൻ എന്നിവരും പനയാൽ സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ സ്ഥലം സന്ദർശിച്ചു.

കാസർഗോഡ് ജില്ലയിലെ പിലിക്കോട്, ചന്ദ്രവയൽ, പള്ളിപ്പാറ, അരിയിട്ട പാറ, പോത്താംങ്കണ്ടം, പനങ്ങാട്‌, ഉമ്മിച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാൽ, കുറ്റിക്കോൽ, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാൽ, നാലിലാംകണ്ടം, മടിക്കൈ,പൈവളിഗെ, കാര്യാട്, മലപ്പച്ചേരി, പുത്തിഗെ, കോടോത്ത്, കൂടോൽ, മാണിമൂല, കാളാംമൂല, കുരങ്ങനാടി , പാത്തടുക്കം എന്നിവിടങ്ങളിൽ നിന്ന് പലപ്പോഴായി ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. ചെങ്കല്ലറകൾ, കൊടുംകല്ലറകൾ, തൊപ്പിക്കല്ലുകൾ, കൊടക്കല്ലുകൾ, നന്നങ്ങാടികൾ, കൽ വൃത്തങ്ങൾ, ശിലാ ചിത്രങ്ങൾ എന്നിവയാണ് കാസർകോട് ജില്ലയിൽ നിന്നും ഇതുവരെ ലഭ്യമായ മഹാശിലാ സ്മാരകങ്ങൾ.