
റാന്നി: കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ തുക വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പത്തനംതിട്ട കീഴ്വായ്പൂർ ആനിക്കാട് സ്വദേശിയായ യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. റാന്നി പഴവങ്ങാടി സ്വദേശി കോട്ടയിൽ വീട്ടിൽ പികെ ഭാസ്കരൻ മകൻ അജികുമാർ (38) ആണ് കീഴ്വായ്പൂർ പൊലീസിന്‍റെ പിടിയിലായത്. യുവാവിനെ പറ്റിച്ച് രണ്ട് തവണയായി 18 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. 2025 ഒക്ടോബർ മാസം ഒന്നാം തീയതിയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് കീഴ്വായ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ തുക വാങ്ങി നൽകാമെന്ന് പറഞ്ഞ് 2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി രണ്ടുതവണയായി ആണ് ഇയാൾ യുവാവിനെ പറ്റിച്ച് 18 ലക്ഷം രൂപ കൈലാക്കിയത്. വായ്പയോ നൽകിയ പണമോ തിരികെ ലഭിക്കാതായതോടെ യുവാവ് കീഴ്വായ്പൂർ പൊലീസിൽ എത്തി പരാതി നൽകുകയായിരുന്നു.
അന്നത്തെ കീഴ്വായ്പൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന വിപിൻ ഗോപിനാഥ് രജിസ്റ്റർ ചെയ്ത കേസിൽ , ഇപ്പോഴത്തെ എസ്എച്ച്ഒ അജീബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പൊക്കിയത്. എസ്ഐ മാരായ അനീഷ് ടി, ഷാൻ എൻ.എസ്, എഎസ്ഐ മുജീബ്ഖാൻ, സിപിഒ മാരായ സോനു , നെവിൻ എന്നിവർ അടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തി മല്ലപ്പള്ളിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam