
തിരുവനന്തപുരം: രോഗി വനിതാ ഡോക്ടറുടെ കരണത്തടിച്ചെന്ന പരാതിയിൽ കേസെടുത്തു. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് ഡോക്ടർ തടഞ്ഞപ്പോഴായിരുന്നു ആക്രമണം. വർക്കല സ്വദേശി നവാസിനെതിരെയാണ് (57) പരാതി.
മർദനമേറ്റ് മൂക്കിൽ നിന്നും രക്തം വാർന്ന മെഡിക്കൽ കോളജിലെ മൂന്നാം വർഷ പിജി വിദ്യാർത്ഥിയും വയനാട് കണിയാംപറ്റ സ്വദേശിനിയുമായി ഡോ ഇ പി അമല (28) യ്ക്ക് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഡോക്ടറുടെ വലതു കരണത്താണ് അടിയേറ്റത്. മൂക്കിന്റെ വലതു വശത്ത് ക്ഷതം സംഭവിച്ച് രക്തമൊഴുകി. വിവരമറിഞ്ഞ് മെഡിക്കൽ കോളജ് പൊലീസ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു.
രാത്രിയോടെയാണ് ബന്ധുക്കൾ നവാസിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം 22-ാം വാർഡിലേയ്ക്കു മാറ്റി. എന്നാൽ അവിടെ വച്ച് ഇയാൾ അക്രമാസക്തനാവുകയും ഡ്രിപ്പും യൂറിൻ ട്യൂബുമെല്ലാം ഊരിയെറിയാൻ ശ്രമിക്കുകയും ചെയ്തു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ഡോക്ടർക്കെതിരെ തിരിഞ്ഞത്. ഇതോടെ എയ്ഡ് പോസ്റ്റിലെ പൊലീസിന്‍റെ സഹായത്തോടെ ജീവനക്കാർ ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കി. തുടർന്ന് ആറാം വാർഡിലേയ്ക്കു മാറ്റി. പൊലീസ് കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam