മികച്ച ചികിത്സാ സൗകര്യമില്ല; മൂന്നാറില്‍ രോഗികള്‍ ദുരിതത്തില്‍

By Web TeamFirst Published May 10, 2019, 4:42 PM IST
Highlights

വട്ടവടയില്‍ കുടുംബ ആരോഗ്യകേന്ദവും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവിടങ്ങളില്‍ കിടത്തി ചികില്‍സ ലഭ്യമാകുന്നില്ല. തൊഴിലാളികള്‍ക്കായി മൂന്നാറില്‍ ടാറ്റാ കമ്പനിയുടെ ആശുപത്രിയുണ്ടെങ്കിലും മികച്ച ചികില്‍സ സൗകര്യമില്ല. ചികില്‍സയ്ക്കായി എത്തുന്നവരെ പലരെയും തമിഴ്‌നാട്ടിലേക്കും കോട്ടയത്തേക്കുമാണ് അധിക്യതര്‍ അയക്കുന്നത്. 

ഇടുക്കി: പതിനായിരക്കണക്കിന് തോട്ടംതൊഴിലാളികളും ദിനേന ആയിരക്കണക്കിന് വിനോദസഞ്ചാരികളും എത്തുന്ന മൂന്നാറില്‍ മികച്ച ചികില്‍സാ സൗകര്യം ലഭ്യമാക്കാത്തത് രോഗികളുടെ ജീവന് ഭീഷണിയാവുന്നു. ചെറിയ രോഗങ്ങള്‍ക്ക് പോലും കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ് തൊഴിലാളികളടക്കമുള്ളവര്‍. നിലവില്‍ മറയൂര്‍, ദേവികുളം മേഖലയില്‍ സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

വട്ടവടയില്‍ കുടുംബ ആരോഗ്യകേന്ദവും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇവിടങ്ങളില്‍ കിടത്തി ചികില്‍സ ലഭ്യമാകുന്നില്ല. തൊഴിലാളികള്‍ക്കായി മൂന്നാറില്‍ ടാറ്റാ കമ്പനിയുടെ ആശുപത്രിയുണ്ടെങ്കിലും മികച്ച ചികില്‍സ സൗകര്യമില്ല. ചികില്‍സയ്ക്കായി എത്തുന്നവരെ പലരെയും തമിഴ്‌നാട്ടിലേക്കും കോട്ടയത്തേക്കുമാണ് അധിക്യതര്‍ അയക്കുന്നത്. 

ഇവിടങ്ങളില്‍ എത്തിപ്പെടണമെങ്കില്‍ 90 മുതല്‍ 100 കിലോമീറ്റവരെ സഞ്ചരിക്കണം. ഓരോ സീസണിലും പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് മൂന്നാറില്‍ എത്തുന്നത്. ഇതില്‍ മാന്ത്രിമാരടക്കമുള്ള വിഐപിമാരുമുണ്ട്. ആര്‍ക്കെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ വിദഗ്ദ ചികില്‍സക്കായി കോലഞ്ചേരിയിലേക്കോ, മധുരയിലേക്കോ കൊണ്ടുപോകണം. ആദിവാസികളുടെ അവസ്ഥ ഇതിലും ദയനീയമാണ്. 

ഇടമലക്കുടയില്‍ നിന്നും അസുഖം ബാധിച്ചവരെ കുടിനിവാസികള്‍ തലചുമടായി സൊസൈറ്റിക്കുടിയിലെത്തിക്കും. ആംബുലന്‍സ് സൗകര്യമില്ലത്തതിനാല്‍ ജീപ്പുകളിലാണ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. വിദഗ്ദ ആശുപത്രിക്കായി സത്യാസായ് സേവ ട്രസ്റ്റ് സര്‍ക്കാരിനോട് ഭൂമി ആവശ്യപ്പെട്ടെങ്കിലും നല്‍കുന്നതിന് റവന്യു വകുപ്പ് തയ്യറായിട്ടില്ല. ഇവര്‍ ആവശ്യപ്പെട്ട ഭൂമിയിലാണ് ഇപ്പോള്‍ ബോട്ടാനിക്ക് ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നത്. 

ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന ഐപി ആംബുലന്‍സ് മൂന്നാറില്‍ അനുവദിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വകുപ്പ് അധിക്യതര്‍  മറ്റിടങ്ങളിലേക്ക് കൊണ്ടുപോയി. മൂന്നാറിലും, ഇടമലക്കുടയിലും പിഎച്ച്സി അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ ജോലിക്കായി ജീവനക്കാരെ നിയമിക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ ഇത്രയധികം രൂക്ഷമായിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നില്ലെന്നുള്ളതാണ് വാസ്ഥവം. പതിനായിരക്കണക്കിന് സന്ദര്‍ശകരും അതിലധികം പ്രദേശവാസികളും താമസിക്കുന്ന മൂന്നാറില്‍ വിദഗ്ദ ചികില്‍സ എത്രയും പെട്ട ലഭ്യമാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആര്‍ജ്ജവം കാട്ടണമെന്നാണ് ആവശ്യം.

click me!