
ഹരിപ്പാട് : ആയിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി പായിപ്പാട് പുത്തൻ ചുണ്ടൻ നീരണിഞ്ഞു. വീയപുരം വെളിയം ജംഗ്ഷനിലെ മാലിപ്പുരയിൽ നിന്ന് ആർപ്പുവിളികളുടേയും ആരവങ്ങളുടേയും പമ്പയാറിലേക്കാണ് ചുണ്ടൻ നീരണിഞ്ഞത്. നിരവധിപ്പേരാണ് ചടങ്ങിന് സാക്ഷിയാവാനായി വള്ളപ്പുരയ്ക്ക് സമീപം ഒത്തുകൂടിയത്. ഇന്നലെ രാവിലെയായിരുന്നു ചുണ്ടൻ നീരണിഞ്ഞത്. വള്ളം നീരണിഞ്ഞതോടെ വെടിക്കെട്ടും നടന്നു.
അമ്പത്തി മൂന്നേകാൽ കോൽ നീളത്തിൽ 52 അംഗുലം വണ്ണത്തിൽ തീർത്ത ചുണ്ടനിൽ 91 തുഴക്കാർ 9 നിലക്കാർ 5 അമരക്കാർ എന്ന നിലയിലാണ് ചുണ്ടൻ്റെ നിർമ്മാണ ഘടന. പത്തുമാസം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. കോയിൽ മുക്ക് നാരായണൻ ആചാരിയുടെ മുത്ത മകൻ ഉമാമഹേശ്വരൻ ആചാരിയുടെ നേതൃത്വത്തിലായിരുന്നു ചുണ്ടൻ വള്ളത്തിൻ്റെ നിർമ്മാണം.
നിരണിയൽ ചടങ്ങിനെ തുടർന്ന് നടന്ന പൊതു സമ്മേളനം ആടുജീവിതം സിനിമയിലെ യഥാർത്ഥ കഥാപാത്രമായ നജീബ് ഉദ്ഘാടനം ചെയ്തു. വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സ്നേക് ബോട്ട് ഓണേഴ്സ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ആർ കെ കുറുപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ ഷാനവാസ് ഗ്രാമപഞ്ചായത്തംഗം രഞ്ജിനി ചന്ദ്രൻ ചുണ്ടൻ വള്ള സമിതി ഭാരവാഹികൾ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രദർശന തുഴച്ചിലും നടന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം