
കൽപ്പറ്റ: സഹകരണ ക്ഷേമ നിധി ബോർഡ് വൈസ് ചെയർമാനും കൽപ്പറ്റ മുൻ എംഎൽഎയുമായ സി.കെ ശശീന്ദ്രന്റെ (C K Saseendran) ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് (Pedestrians) പരിക്ക് (Injury). വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീൻ, ഭാര്യ ബാബിത, മകൻ മുഹമ്മദ് സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. കൽപ്പറ്റ പിണങ്ങോട് ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്.
സി കെ ശശീന്ദ്രൻ വാഹനത്തിലുണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാബിതയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിന് ശേഷം ഡ്രൈവർ അച്യുതൻ സമീപത്തുള്ള കൽപ്പറ്റ പൊലീസ് സ്റ്റേഷനിലേക്ക് വാഹനം കയറ്റുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.
വെള്ളമാണെന്ന് കരുതി രാസവസ്തു കുടിച്ചു; വായയും തൊണ്ടയും പൊള്ളിയ വിദ്യാർത്ഥി ആശുപത്രിയിൽ
കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളമാണെന്നു കരുതി അബദ്ധത്തിൽ രാസലായിനി കഴിച്ച വിദ്യാർത്ഥി അവശനിലയിൽ ചികിത്സയിൽ. കോഴിക്കോട്ടേക്ക് വിനോദയാത്ര വന്ന കുട്ടിയാണ് ചികിത്സയിലുള്ളത്. കുട്ടി കുടിച്ച അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്നതിൽ വ്യക്തതയില്ല.
രണ്ട് ദിവസം മുമ്പാണ് സംഭവം. വിനോദയാത്രാക്കായി കാസർകോട്ട് നിന്ന് കോഴിക്കോടെത്തിയതായിരുന്നു കുട്ടിയടങ്ങുന്ന സംഘം. ഒരു തട്ടുകടയിൽ നിന്ന് എരിവുള്ള ഭക്ഷണം കഴിച്ചുവെന്നും വല്ലാതെ എരിഞ്ഞപ്പോൾ തൊട്ടടുത്ത് കണ്ട കുപ്പിയിൽ വെള്ളമാണെന്ന് കരുതി എടുത്ത് കുടിച്ചുവെന്നുമാണ് ലഭ്യമായ വിവരം. രാസവസ്തു ഉപയോഗിച്ച് ചുണ്ട് നനച്ച ശേഷം അൽപ്പം വായിലേക്ക് ഒഴിച്ച ഉടനെ കുട്ടിക്ക് അസ്വസ്ഥത തോന്നി. ഉടൻ ഛർദ്ധിച്ചു. ഛർദ്ധിച്ചത് സുഹൃത്തിന്റെ ദേഹത്തേക്ക് ആയിപ്പോയി. ഛർദ്ദിൽ വീണ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്.
രണ്ട് കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പ്രാഥമിക ചികിത്സ നൽകിയ കുട്ടിയെ പിന്നീട് പയ്യന്നൂരിലേക്ക് കൊണ്ടുപോയി. ഇപ്പോൾ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
മദ്രസയിൽ നിന്നുള്ള പഠനയാത്രയുടെ ഭാഗമായാണ് കുട്ടികൾ കോഴിക്കോട്ട് വന്നത്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ പ്രദേശത്തെ കടക്കാർ ചില രാസവസ്തുക്കൾ ചേർക്കുന്നതായി പ്രദേശത്ത് വ്യാപക പരാതിയുണ്ട്. ഈ ഗണത്തിൽപ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നാണ് അനുമാനം.
കുട്ടിയുടെ തൊണ്ടയിലും അന്നനാളിയിലും പൊള്ളലേറ്റിട്ടുണ്ടെന്നും എൻഡോസ്കോപ്പി ചെയ്താൽ മാത്രമേ കൂടുതൽ വ്യക്തമായി എന്തെങ്കിലും പറയാൻ പറ്റൂവെന്നുമാണ് ഡോക്ടർമാർ പറയുന്നത്. അൽപ്പം ആശ്വാസം തോന്നിയപ്പോൾ കുട്ടി വിശദീകരിച്ച വിവരം മാത്രമേ ബന്ധുക്കൾക്കും നിലവിലുള്ളൂ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam