പന്നിയങ്കര ടോള്‍ പ്ലാസ; സർവകക്ഷി യോഗത്തിലെ തീരുമാനം കരാർ കമ്പനി ലംഘിക്കുന്നെന്ന് നാട്ടുകാരുടെ ആരോപണം

Published : Jan 13, 2025, 02:05 PM IST
പന്നിയങ്കര ടോള്‍ പ്ലാസ; സർവകക്ഷി യോഗത്തിലെ തീരുമാനം കരാർ കമ്പനി ലംഘിക്കുന്നെന്ന് നാട്ടുകാരുടെ ആരോപണം

Synopsis

വാഹനങ്ങളുടെ ഒറിജിനല്‍ ആര്‍.സി ബുക്കിന്റെ പകര്‍പ്പും മറ്റ് രേഖകളും സഹിതം ഈ മാസം 15നു മുമ്പ് ടോള്‍ പ്ലാസയില്‍ സാക്ഷ്യപ്പെടുത്തണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

തൃശൂർ : പന്നിയങ്കര ടോള്‍ പിരിവ് സംബന്ധിച്ച് പ്രദേശവാസികളില്‍ ആശയക്കുഴപ്പം. എംഎല്‍എ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തിന് വിരുദ്ധമായി പന്നിയങ്കര ടോള്‍ പ്ലാസയില്‍ കരാര്‍ കമ്പനി പതിച്ചിട്ടുള്ള പോസ്റ്ററിന്റെ കാര്യത്തിൽ എം.എല്‍.എ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികാരികള്‍ ഇടപ്പെട്ട് വ്യക്തത വരുത്താത്തതാണ് പ്രദേശവാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

ടോള്‍ പ്ലാസയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികള്‍, തങ്ങളുടെ വാഹനങ്ങളുടെ ഒറിജിനല്‍ ആര്‍.സി ബുക്കിന്റെ പകര്‍പ്പും രണ്ട് തിരിച്ചറിയല്‍ രേഖകളും സഹിതം ഈ മാസം 15നു മുമ്പ് ടോള്‍ പ്ലാസയില്‍ സാക്ഷ്യപ്പെടുത്തണമെന്നും അല്ലാത്തപക്ഷം സൗജന്യ യാത്ര അനുവദിക്കില്ലെന്നാണ് ടോള്‍ പ്ലാസയില്‍ സൗജന്യ പാസ് അനുവദിച്ചിട്ടുള്ള ട്രാക്കുകളില്‍ പതിച്ചിട്ടുള്ളത്.

കടന്നു പോകുന്ന പ്രാദേശിക വാഹന ഉടമകളോടും ഇക്കാര്യം ടോള്‍ ബൂത്തിലുള്ളവര്‍ പറയുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പി.പി. സുമോദ് എംഎല്‍എ വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗ തീരുമാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കരാര്‍ കമ്പനി നടപടി തള്ളണോ കൊള്ളണോ എന്ന സംശയത്തിലാണ് പ്രദേശവാസികളിപ്പോള്‍. പല വാഹന ഉടമകളും ഇതിനകം തന്നെ ആര്‍.സി ബുക്കിന്റെ പകര്‍പ്പും മറ്റു രേഖകളും ടോള്‍ ബൂത്തില്‍ ഏല്പിക്കുന്നുണ്ട്. രേഖകള്‍ നല്‍കിയില്ലെങ്കില്‍ 15 ന് ശേഷം സൗജന്യ പാസ് അനുവദിക്കില്ലെന്ന ടോള്‍ കമ്പനിയുടെ നിലപാടാണ് കോപ്പികള്‍ സമര്‍പ്പിക്കാന്‍ പ്രദേശവാസികളെ നിര്‍ബന്ധിതരാകുന്നത്.

വിഷയത്തില്‍ കൂട്ടായ തീരുമാനത്തോടെ നീങ്ങാന്‍ എം.എല്‍.എ ഇടപ്പെടണമെന്നാണ് ആവശ്യം. പ്രദേശവാസികളുടെ ടോള്‍ സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനും ഈ മാസം 30 വരെയുള്ള ദിവസങ്ങളിലായി ടോള്‍ പ്ലാസ വഴി കടന്നുപോകുന്ന പ്രദേശവാസികളായ ആറ് പഞ്ചായത്തുകളിലെ വാഹനങ്ങളുടെ മൊത്തം കണക്കെടുപ്പ് നടത്താനുമാണ് കഴിഞ്ഞ ഞായറാഴ്ച തീരുമാനിച്ചിരുന്നത്. ജോയിന്റ് ആര്‍.ടി.ഒയുടെ സഹകരണത്തോടെ നടത്തുന്ന വാഹന കണക്കെടുപ്പിനു ശേഷം കെ. രാധാകൃഷ്ണന്‍ എം.പിയെ കൂടി പങ്കെടുപ്പിച്ച് ഫെബ്രുവരി അഞ്ചിന് വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമെന്നായിരുന്നു എം.എല്‍.എ ഞായറാഴ്ച അറിയിച്ചത്. അതുവരെ തല്‍സ്ഥിതി തുടരണമെന്നും ദേശീയപാതാ അതോറിറ്റി പ്രതിനിധികളും കരാര്‍ കമ്പനി അധികൃതരും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റുമാരും ജനകീയ സമിതി ഭാരവാഹികളും പങ്കെടുത്തതായിരുന്നു സര്‍വകക്ഷിയോഗം. എന്നാല്‍ യോഗ തീരുമാനം അട്ടിമറിച്ച് കരാര്‍ കമ്പനി സ്വന്തം നിലയില്‍ എടുത്തിട്ടുള്ള നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുമ്പോഴും ഇനി എന്ത് ചെയ്യണമെന്നതില്‍ വ്യക്തത വരുത്താന്‍ ജനപ്രതിനിധികള്‍ക്ക് കഴിയാത്തതാണ് പ്രശ്‌നം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി