
തൃശ്ശൂർ: പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടം മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.
സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയ കൂട്ടുകാരികള്‍ ഇന്നലെയാണ് ഡാം റിസര്‍വോയറില്‍ അകടപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു പെരുന്നാൾ സന്തോഷത്തിലായിരുന്ന ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ സംഭവം നടന്നത്. പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളെയും നാട്ടുകാര്‍ പെട്ടന്ന് തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തൃശൂർ പട്ടിക്കാട് സ്വദേശി അലീന പുലര്‍ച്ചെയോടെ മരിച്ചു. ചികിത്സയിലുള്ള രണ്ട് കുട്ടികളെ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടത്തിൽപ്പെട്ട കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലയേഴ്സ് കോൺവന്‍റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. നിമ ഏഴാം ക്ലാസ് വിദ്യാർത്ഥിയും മറ്റ് മൂന്ന് പേർ പ്ലസ് വൺ വിദ്യാർത്ഥികളുമാണ്.
പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികൾ. ഡാമിലെ ജലസംഭരണി കാണാൻ ഹിമയുടെ സഹോദരി ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ രണ്ട് പേർ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ട് പേരും വീണു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam