നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ചരക്ക് വാഹനങ്ങൾക്ക് പാസെടുക്കാൻ തിക്കും തിരക്കും

By Web TeamFirst Published Mar 31, 2020, 12:02 PM IST
Highlights

പുലർച്ചെ മുതൽ വില്ലേജ് ഓഫീസിന് മുന്നിൽ ചരക്കുവാഹന ജീവനക്കാർ കൂട്ടത്തോടെ എത്തി. രാത്രിമുതൽ ഇവിടെ തമ്പടിക്കുന്ന ലോറികളിലെ ജീവനക്കാർ മുഖാവരണങ്ങളും കൈയുറകളും പരിസരത്തെല്ലാം അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

കൽപ്പറ്റ: കൊവിഡ് പ്രതിരോധത്തിനായി ശാരീരിക അകലം പാലിക്കണമെന്നുള്ള നിർദ്ദേശം നിലനിൽക്കെ ചരക്കുവാഹനങ്ങൾക്ക് കർണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള പാസെടുക്കാൻ സുൽത്താൻ ബത്തേരി നൂൽപ്പുഴ വില്ലേജ് ഓഫീസിന് മുന്നിൽ തിക്കും തിരക്കും. 

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് കർണാടകയിലേക്ക് ചരക്കെടുക്കാനെത്തിയ നൂറുകണക്കിന് ലോറികൾ പാതയോരത്ത് പാർക്ക് ചെയ്തിരുന്നു. ഇത്രയും വാഹനങ്ങളിലെ ജീവനക്കാർ വില്ലേജ് ഓഫീസിന്റെ മുന്നിലും സമീപപ്രദേശങ്ങളിലുമെല്ലാം കൂട്ടംകൂടിനിൽക്കുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് നിരോധിച്ചിട്ടുണ്ടങ്കിലും, ഇവരെ നിയന്ത്രിക്കാൻ യാതൊരു നടപടിയും ഇവിടെ സ്വീകരിച്ചില്ല.

കർണാടകത്തിൽ നിന്ന് ചരക്കെടുക്കുന്നതിനായി മുത്തങ്ങ ചെക് പോസ്റ്റുവഴി ദിവസേന 60 ചരക്കുവാഹനങ്ങളാണ് കടത്തിവിടുന്നത്. ഇതിനായി നൂൽപ്പുഴ വില്ലേജ് ഓഫീസിൽ നിന്നാണ് പ്രത്യേക പാസ് അനുവദിക്കുന്നത്. കർണാടകയിലേക്ക് കടത്തിവിടുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ, പാസെടുക്കുന്നതിനായി പുലർച്ചെ മുതൽ വില്ലേജ് ഓഫീസിന് മുന്നിൽ ചരക്കുവാഹന ജീവനക്കാർ കൂട്ടത്തോടെ എത്തി. രാത്രിമുതൽ ഇവിടെ തമ്പടിക്കുന്ന ലോറികളിലെ ജീവനക്കാർ മുഖാവരണങ്ങളും കൈയുറകളും പരിസരത്തെല്ലാം അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ചരക്ക് വാഹനങ്ങൾക്ക് അനുവദിക്കുന്ന പാസ് ഒരു ട്രിപ്പിന് മാത്രമേ ഉപയോഗിക്കാനാവൂ.

വില്ലേജ് ഓഫീസിൽനിന്ന് പാസ് അനുവദിക്കുന്നതിനൊപ്പം ഇതിന്റെ രേഖകൾ ഓൺലൈനായി കർണാടക ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്ത ശേഷം അനുമതി ലഭിച്ചാൽ മാത്രമേ കർണാടകയിലേക്ക് പ്രവേശനം അനുവദിക്കൂ. പാസിന്റെ എണ്ണം പരിമിതപ്പെടുത്തിയതാണ് തിരക്കുകൂടാൻ കാരണം. കർണാടക അതിർത്തിയായ മൂലഹള്ളയിൽ ആരോഗ്യ പ്രവർത്തകരുടെ പരിശോധനകൾക്ക് ശേഷം, വാഹനം അണുവിമുക്തമാക്കിയാണ് കടത്തിവിടുക. ചരക്ക് നീക്കത്തിന് നിയന്ത്രരണം വരുത്തിയതോടെ വാഹനങ്ങളിലെ ജീനക്കാർക്ക് ഭൂരിപക്ഷവും ജോലിയില്ലാത്ത അവസ്ഥയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!