ചരക്കുവാഹനങ്ങളുടെ പാസ് വിതരണത്തില്‍ ഇളവ്; സംസ്ഥാനത്തിനകത്ത് സത്യവാങ്മൂലം മാത്രം മതി

By Web TeamFirst Published Mar 30, 2020, 11:11 PM IST
Highlights

ഇതര സംസ്ഥാനങ്ങളില്‍ പോയി മടങ്ങി വരുന്ന ഡ്രൈവറും സഹായിയും 14 ദിവസം നീരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശത്തിനും കലക്ടര്‍ ഇളവ് നല്‍കിയിട്ടുണ്ട്
 

മലപ്പുറം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ചരക്കു വാഹനങ്ങള്‍ക്ക് ചെക്ക് പോസ്റ്റുകള്‍ കടക്കുന്നതിന് റവന്യു, ആര്‍.ടി.ഒ, ആരോഗ്യ വകുപ്പ് എന്നിവര്‍ സംയുക്തമായി അനുവദിക്കുന്ന പാസിന്റെ കാലാവധി 14 ദിവസമാക്കി വര്‍ദ്ധിപ്പിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. നേരത്തെ ഏഴ് ദിവസമായിരുന്ന കാലാവധിയില്‍ വ്യാപാരി പ്രതിനിധികള്‍, ലോറി ഉടമകള്‍ എന്നിവരുമായി കലക്ട്രേറ്റില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇളവ് വരുത്തിയത്. 

അതേസമയം സംസ്ഥാനത്തിനകത്ത് ചരക്ക് വാഹനങ്ങള്‍ക്ക് ഈ പാസിന്റെ ആവശ്യമില്ല, പകരം നിശ്ചിത മാതൃകയില്‍ സത്യവാങ്മൂലം എഴുതി നല്‍കുകയോ ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ ചെയ്യാവുന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ പോയി മടങ്ങി വരുന്ന ഡ്രൈവറും സഹായിയും 14 ദിവസം നീരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശത്തിനും കലക്ടര്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളില്ലെന്ന് സ്ഥിരീകരിച്ചാല്‍ വീണ്ടും യാത്രാനുമതി നല്‍കാനാണ് തീരുമാനം. 

ജില്ലയില്‍ പച്ചക്കറി ഉള്‍പ്പടെ അവശ്യ ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യത സംബന്ധിച്ച് കലക്ടര്‍ വ്യാപാരികളുമായി ആശയ വിനിമയം നടത്തി. നിലവില്‍ ശേഖരത്തിലുള്ളവ എത്ര ദിവസത്തേക്ക് ഉണ്ടാകുമെന്നും കൂടുതല്‍ വിഭവങ്ങള്‍ ശേഖരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സംബന്ധിച്ചും കലക്ടര്‍ വ്യാപാരികളുമായി ധാരണയിലെത്തി. യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

click me!