കാട്ടുപന്നി, മാൻ, മയിൽ, മലയണ്ണാൻ, കാട്ടാന ഇപ്പോള്‍ പുലിയും; വന്യമൃഗങ്ങളുടെ ആക്രമണത്തില്‍‌ പൊറുതി മുട്ടി ജനം

Published : Nov 24, 2022, 02:46 PM IST
കാട്ടുപന്നി, മാൻ, മയിൽ, മലയണ്ണാൻ, കാട്ടാന ഇപ്പോള്‍ പുലിയും; വന്യമൃഗങ്ങളുടെ ആക്രമണത്തില്‍‌ പൊറുതി മുട്ടി ജനം

Synopsis

കരിമ്പാറ വനമേഖലയിൽ സൗരോർജ്ജ വൈദ്യുത വേലി ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ വന്യ മൃഗങ്ങൾ വീട്ടുവളപ്പുകളിൽ എത്തുന്നത് ഏറെ ഭയപ്പാടുണ്ടാക്കുന്നതായി ആട് കർഷകനായ നാരായണൻ പറഞ്ഞു.   


നെന്മാറ:  ജനവാസ മേഖലയില്‍ ആട്, പശു മുതലായവയെ വളർത്തുന്ന കർഷകർക്ക് പുലി ഭീഷണി വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. വീടിനോട് ചേർന്ന് പശുക്കളെയും ആടുകളെയും എന്തിന് വളര്‍ത്തുനായ്ക്കളെ പോലും പുലി വെറുതെ വിടുന്നില്ല. ഇതോടെ കരിമ്പാറ, തളിപ്പാടം, നിറങ്ങൾ പാറ, കോപ്പൻ കുളമ്പ്, ചള്ള, കൽച്ചാടി, ഒലിപ്പാറ എന്നീ പ്രദേശത്തെ ജനങ്ങളിൽ ആശങ്കയും ഭീതിയുമാണ്. 

ഒരുമാസം മുമ്പ് തളിപ്പാടം ചവക്കാട് ഭാഗത്ത് വീട്ടുവളപ്പിൽ തുടർച്ചയായി മൂന്ന് ദിവസം കാട്ടാന എത്തിയതിനെത്തുടർന്ന് കൃഷ്ണനും കുടുംബത്തിനും താൽക്കാലികമായി വീട് ഉപേക്ഷിച്ച് താമസം മാറേണ്ടിവന്നു. മൂന്ന് മാസം മുമ്പ് കരിമ്പാറ വനമേഖലയിലെ വൈദ്യുതവേലി തകർത്ത് ബസ് ഗതാഗതമുള്ള റോഡിലൂടെ കാട്ടാനയിറങ്ങി മരങ്ങൾ തള്ളിയിടുകയും വാഴകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ നിരവധി ആളുകളുടെ ജീവനോപാധിയായ ആട് വളർത്തലും പശു വളർത്തലും ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയെന്ന് പ്രദേശത്തെ കർഷകർ പരാതിപ്പെട്ടുന്നു. 

കാട്ടുപന്നി, മാൻ, മയിൽ, മലയണ്ണാൻ, കാട്ടാന എന്നിവ കൃഷി നശിപ്പിക്കുന്നതിന് പുറമേ  നിരന്തരമായി പുലിയും വളർത്തുമൃഗങ്ങളെ ആക്രമിച്ചു തുടങ്ങിയത് പ്രദേശത്തെ മനുഷ്യരുടെ സ്വൈര്യ ജീവിതത്തിന് തടസ്സമാകുന്നു. കരിമ്പാറ വനമേഖലയിൽ സൗരോർജ്ജ വൈദ്യുത വേലി ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ വന്യ മൃഗങ്ങൾ വീട്ടുവളപ്പുകളിൽ എത്തുന്നത് ഏറെ ഭയപ്പാടുണ്ടാക്കുന്നതായി ആട് കർഷകനായ നാരായണൻ പറഞ്ഞു. 

വൈകുന്നേരം നെന്മാറ - കരിമ്പാറ റൂട്ടിൽ കാട്ടുപന്നി, പുലി, മാൻ, എന്നിവയുടെ സാന്നിധ്യം സ്ഥിരമായി അനുഭവപ്പെടുന്നതിനാൽ വൈകുന്നേരം 7 മണിക്ക് ശേഷം മേഖലയിൽ  ഇരുചക്രവാഹനക്കാർ യാത്ര ചെയ്യാൻ ഭയക്കുന്നു. തളിപ്പാടം, കരിമ്പാറ, ചെവിണി, നിരങ്ങൻ പാറ, കോപ്പൻ കുളമ്പ്, കൽച്ചാടി  മേഖലകളിലെ തെരുവ് വിളക്കുകൾ കത്താത്തതും വന്യമൃഗങ്ങൾ കൂടുതൽ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിന് വഴിയൊരുക്കുന്നതായി പ്രദേശവാസിയായ കുട്ടി രാജൻ പറഞ്ഞു. 

ആനയുടെയും കാട്ടുപന്നിയുടെയും ആക്രമണം മൂലം പ്രദേശങ്ങളിലെ റബ്ബർ കർഷകരുടെ റബ്ബർ ടാപ്പിംഗ് സമയവും മാറ്റി. രാവിലെ 7 മണിക്ക് ശേഷം മാത്രമ ഇപ്പോള്‍ ടാപ്പിംഗ് തുടങ്ങുന്നൊള്ളൂ.  ഇത് ഏറെ ഉത്പാദന നഷ്ടത്തിന് വഴിയൊരുക്കുന്നു. കാട്ട് മൃഗങ്ങളെ അകറ്റാൻ സൗരോർജ്ജ വേലി കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും ആനകളെ പ്രതിരോധിക്കാനായി തൂക്കുവേലി സ്ഥാപിക്കണമെന്നും പുലിയെ കൂടുവെച്ച് പിടിച്ച് പ്രദേശത്ത് നിന്ന് ഒഴിവാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും  പ്രദേശത്തെ കർഷകർ ആവശ്യപ്പെടുന്നു
 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം