ഹെൽമറ്റില്ലാതെ യാത്ര; മലപ്പുറത്ത് ഇന്ന് കുടുങ്ങിയത് 103 യാത്രക്കാർ

By Web TeamFirst Published Dec 3, 2019, 11:07 PM IST
Highlights

ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച 54 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച 20 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. 

മലപ്പുറം: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന ശക്തമാക്കി. ആദ്യദിനം നടത്തിയ ബോധവൽക്കരണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്. കൂടാതെ സീറ്റ് ബെൽറ്റ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് ആദ്യമായാണ് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് കർശനമാക്കി പിഴ ഇടാക്കിയത്. നിയമം പാലിച്ച് ഇരുചക്രവാഹനങ്ങളിൽ രണ്ടുപേരും ഹെൽമറ്റ് ധരിച്ച് എത്തുന്നവരാണങ്കിൽ അവരെ അഭിനന്ദിക്കാനും ഉദ്യോഗസ്ഥർ മറന്നില്ല.

തിരൂർ, പൊന്നാനി, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂരങ്ങാടി, യൂണിവേഴ്‌സിറ്റി, വളാഞ്ചേരി, കുറ്റിപ്പുറം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിൽ ഹെൽമെറ്റ് ധരിക്കാത്ത യാത്ര ചെയ്ത 49 പേർക്കെതിരെ അധികൃതർ നടപടിയെടുത്തിട്ടുണ്ട്. ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച 54 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ച 20 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. പിഴ ഇനത്തിൽ 52,000 രൂപയാണ് ഈടാക്കിയിരിക്കുന്നത്. 

click me!