എവി ഗോപിനാഥുമായി ഇടഞ്ഞു, പെരിങ്ങോട്ട് കുറിശി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാധാമുരളി രാജിവെച്ചു

Published : Jan 06, 2023, 11:38 AM ISTUpdated : Jan 06, 2023, 02:51 PM IST
എവി ഗോപിനാഥുമായി ഇടഞ്ഞു, പെരിങ്ങോട്ട് കുറിശി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാധാമുരളി രാജിവെച്ചു

Synopsis

ഇനി താൻ കോൺഗ്രസിനൊപ്പം മാത്രമേ നിൽക്കൂവെന്ന് വ്യക്തമാക്കിയ രാധാമുരളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും പറഞ്ഞു

പാലക്കാട്: പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവച്ചു. കോൺഗ്രസ് വിട്ട ജില്ലയിലെ പ്രമുഖ നേതാവ് എവി ഗോപിനാഥിനൊപ്പം ഉണ്ടായിരുന്ന രാധാമുരളിയാണ് രാജി വച്ചത്. പഞ്ചായത്ത് അംഗത്വവും ഇവർ രാജിവെച്ചു. എവി ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് തീരുമാനം എന്നാണ് വിവരം. തന്നെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിച്ചില്ലെന്ന് രാധാമുരളി പിന്നീട് പ്രതികരിച്ചു. എവി ഗോപിനാഥുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇനി താൻ കോൺഗ്രസിനൊപ്പം മാത്രമേ നിൽക്കൂ. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഭീഷണി മുഴക്കിയെന്നും അവർ പറഞ്ഞു.

എവി ഗോപിനാഥ് പാർടിയിൽ കലാപക്കൊടി ഉയർത്തിയപ്പോഴൊക്കെ ഒപ്പം നിന്നിരുന്നു രാധാമുരളി. എന്നാൽ  പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രണ്ടര വർഷത്തിന് ശേഷം മാറണമെന്ന ധാരണയിലെ ഭിന്നതയാണ് രാജിക്ക് വഴിവെച്ചത്.  സ്വതന്ത്രമായി പ്രവൃത്തിക്കാൻ ചിലർ അനുവദിച്ചില്ല. ഇനി വിമത വിഭാഗത്തിന് ഒപ്പം സഹകരിക്കില്ലെന്നും രാധാമുരളി പറയുന്നു.

രണ്ടര വർഷത്തിന് ശേഷം ഒഴിയണമെന്ന ധാരണ തെറ്റിച്ചത് രാധാമുരളിയാണെന്ന് പറഞ്ഞ എവി ഗോപിനാഥ് അവിശ്വാസം കൊണ്ടുവരും എന്നായപ്പോഴാണ് അവർ രാജി വച്ചതെന്നും പറയുന്നു. രാധാ മുരളിയെ തള്ളി പറയുന്നുണ്ടെങ്കിലും സ്വന്തം തട്ടകത്തിലുണ്ടായ ഭിന്നത എവി ഗോപിനാഥ് വിഭാഗത്തെ ഞെട്ടിച്ചിട്ടുണ്ട്. രാധാ മുരളിക്ക് ഡിസിസി നേതൃത്വം പൂർണ പിന്തുണ നൽകിയിരുന്നു. രാജിയിലൂടെ ആണെങ്കിലും എവി ഗോപിനാഥിനൊപ്പം നിന്ന ഒരാളെ പിളർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് നേതൃത്വം. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിവിടുമെന്ന സമ്മര്‍ദ്ദ തന്ത്രം പയറ്റിയാണ് എവി ഗോപിനാഥ് വാർത്തകളിൽ നിറഞ്ഞത്. പിന്നാലെ ഇദ്ദേഹത്തെ തഴഞ്ഞ് എ തങ്കപ്പനെ ഡിസിസി അധ്യക്ഷനാക്കി. ഇതോടെ ഗോപിനാഥ് ക്യാമ്പിൽ അമർഷം പുകയുകയും ഇദ്ദേഹം പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് രാധാമുരളിയുടെ നേതൃത്വത്തിൽ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ പതിനൊന്ന് യുഡിഎഫ് അംഗങ്ങള്‍ ഗോപിനാഥിന് പിന്തുണ അറിയിച്ച് വീട്ടിലെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് ഗോപിനാഥിനായി സിപിഎം വാതില്‍ തുറന്നിരുന്നു. എകെ ബാലനായിരുന്നു നീക്കങ്ങള്‍ക്ക് പിന്നില്‍. കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ തുടക്കം പാലക്കാടുനിന്നായിരിക്കുമെന്ന് ബാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ  പറഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം പാലക്കാട് എവി ഗോപിനാഥ് ക്യാമ്പും കോൺഗ്രസ് നേതൃത്വവും തമ്മിലെ ശീതയുദ്ധം കൂടുതൽ ശക്തമാവുന്നതിന്റെ സൂചനകളാണ് രാധാമുരളിയുടെ രാജിയിൽ എത്തിനിൽക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ
കാ‌‍‌‍ർ വെട്ടിച്ചു, പിന്നിൽ വിവാഹ പാ‌‍‌‌‍ർട്ടി കഴിഞ്ഞു വരുന്ന ടൂറിസ്റ്റ് ബസ്, ഇടിച്ചു നിന്നത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ; ഒഴിവായത് വൻ അപകടം