
തിരുവനന്തപുരം: ഉടമസ്ഥൻ അറിയാതെ പട്ടാപ്പകൽ രണ്ടേക്കർ ചുറ്റുമതിലുള്ള പുരയിടത്തിനുള്ളിൽ നിന്ന് കായ് ഫലമുള്ള 60 തെങ്ങുകൾ മുറിച്ച് തടി തമിഴ്നാട്ടിലേക്ക് കടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി തോന്നയ്ക്കൽ ഇലങ്കത്തുകാവ് മുഹ്സിന മൻസിലിൽ ഫസിലി ( 55 ) നെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. നേരത്തെ പിടികൂടിയ ഒന്നാം പ്രതി തോന്നയ്ക്കൽ പാട്ടത്തിൻകര തുടിയാവൂർ സുബഹാന മൻസിലിൽ സുധീറിനെയും ( 42 ), ഫസിലിനെയും കോടതി റിമാൻഡ് ചെയ്തു. സംഭവത്തിലെ മറ്റൊരു പ്രതി സുധീറിന്‍റെ സഹോദരൻ നൗഷാദ് ( 40 ) സ്റ്റേഷനിൽ എത്തിയെങ്കിലും അറസ്റ്റ് ഉണ്ടാകുമെന്ന് കണ്ടതോടെ മുങ്ങി.
ഇയാളെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്. തെങ്ങിൻതടി കടത്താൻ ഉപയോഗിച്ച ലോറി തമിഴ്നാട്ടിലെ അരുമനയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. മംഗലപുരം തലക്കോണം ഷമീനാ മൻസിലിൽ ഷമീനയുടെ ഉടമസ്ഥതയിലുള്ള തുടിയാവൂർ മാടൻകാവ് ക്ഷേത്രത്തിന് മുൻപിലുള്ള പുരയിടത്തിലെ തെങ്ങുകളാണ് മുറിച്ച് കടത്തിയത്. വിവരം അറിഞ്ഞ് ഷമീനയും സഹോദരന്‍ സ്ഥലത്തെത്തുമ്പോള്‍ മുറിച്ചെടുത്ത തടി ലോറിയിലേക്ക് കയറ്റിക്കൊണ്ടിരിക്കുകയായിരുന്നു. മംഗലപുരം പ്രിൻസിപ്പൽ എസ്ഐ അമൃത് സിങ് നായകത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇതിനിടെ കൊച്ചിയില്‍ തോക്ക് ചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ട് പോയ കേസിൽ ഉള്‍പ്പെട്ട എല്ലാവരെയും പൊലീസ് പിടികൂടി. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായിച്ചവരും ഉൾപ്പെടെ ഇതുവരെ പതിമൂന്ന് പേരെയും പെലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 31ന് ബെംഗളൂരുവിൽ നിന്ന് പുകയില ഉൽപ്പന്നവുമായി വന്ന പൊന്നാനി സ്വദേശി സജീറിനെയാണ് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. മർദ്ദിച്ച് അവശനാക്കിയ ശേഷം സജീറിനെ കളമശേരിയിൽ ഇറക്കി വിട്ടുകയായിരുന്നു. പിന്നീട് ഇയാളുടെഫോണും കാറുമായി സംഘം കടന്നു.കാറിലുണ്ടായിരുന്ന ഹാൻസ് തട്ടിയെടുക്കാനായി ക്വട്ടേഷൻ സംഘത്തെ അയച്ച പാലക്കാട് സ്വദേശി മുജീബ് പിന്നീട് പിടിയിലായി. മുജീബിന് വേണ്ടിയായിരുന്നു ഹാന്‍ കൊണ്ടുവന്നിരുന്നത്. കാറും ഹാൻസും തട്ടിയെടുത്ത് മറിച്ച് വിൽക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. സംഭവത്തില്‍ ഉള്‍പ്പെട്ടെ മുഴുവന്‍ പ്രതികളെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടി.
കൂടുതല്‍ വായനയ്ക്ക്: ഉടമ അറിയാതെ രണ്ടേക്കറില്‍ നിന്ന് 60 തോളം തെങ്ങ് മുറിച്ച് കടത്തി; ഒന്നാം പ്രതി പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam