ലോക്ക് ഡൗണ്‍: അടച്ചിട്ട തോട്ടങ്ങള്‍ കര്‍ശന ഉപാധികളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

By Web TeamFirst Published Apr 4, 2020, 1:56 PM IST
Highlights

തൊഴിലാളികള്‍ ജോലിക്കായി തോട്ടത്തില്‍ മാത്രം പോവുകയും തിരിച്ച് ലയണ്‍സുകളില്‍ എത്തുകയും വോണം. പുറത്ത് പോകാന്‍ പാടില്ല. തോട്ടത്തില്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിശ്ചിത അകലം പാലിക്കണം.

ഇടുക്കി: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അനുമതി. വിളവെടുപ്പ് സമയത്ത് തോട്ടങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ഇതിനെ മറികടക്കുന്നതിന് വേണ്ടിയാണ് ലേബര്‍ കമ്മീഷ്ണറുടെ ശുപാര്‍ശ പ്രകാരം ഉപാധികളോടെ ചീഫ് സെക്രട്ടറി അനുമതി നല്‍കിയിരിക്കുന്നത്.  

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ഏലം, കുരുമുളക്, കാപ്പി അടക്കമുള്ള വന്‍കിട തോട്ടങ്ങളും പൂട്ടിയിരുന്നു. എന്നാല്‍ വിളവെടുപ്പ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നിലവില്‍ ലേബര്‍ കമ്മീഷ്ണറുടെ ശപാര്‍ശയെ തുടര്‍ന്ന് തോട്ടങ്ങള്‍ തുറക്കുന്നതിന് അനുമതി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. കര്‍ശനമായ ഉപാധികളോടെയാണ് ഉത്തരവ്. തൊഴിലാളികള്‍ ജോലിക്കായി തോട്ടത്തില്‍ മാത്രം പോവുകയും തിരിച്ച് ലയണ്‍സുകളില്‍ എത്തുകയും വോണം. പുറത്ത് പോകാന്‍ പാടില്ല. തോട്ടത്തില്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിശ്ചിത അകലം പാലിക്കണം. തുടങ്ങിയ നിയന്ത്രണങ്ങളും കര്‍ശനനിര്‍ദ്ദേശങ്ങളും ഉത്തരവില്‍ നല്‍കിയിട്ടുണ്ട്.

 ആയിരക്കണക്കിന് ഏക്കറ് വരുന്ന മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയിലടക്കം വിളവെടുപ്പ് നടത്താന്‍ കഴിയാതെ തെയില കൊളുന്ത് നശിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് തോട്ടം മേഖല. എന്നാല്‍ വിഷയത്തില്‍ തോട്ടങ്ങള്‍ തുറക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍  അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!