
കല്‍പ്പറ്റ: വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട വയനാട്ടിലെ ഫാന്റം റോക്ക് കാണാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍. ഫാന്‍റം റോക്കിലേക്കെത്താന്‍ സഞ്ചാരയോഗ്യമായ വഴികള്‍ ഒന്നും തന്നെയില്ല. പ്രതിക്ഷയോടെ എത്തുന്ന വിനോദ സഞ്ചാരികള്‍ നിരാശരായി മടങ്ങുകയാണ് ഇപ്പോള്‍.
ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവെച്ചിരിക്കുന്ന പാറക്കല്ലുകളാണ് ഫാന്റം റോക്ക്. ചില പ്രത്യേക കോണില്‍ നിന്ന് വീക്ഷിച്ചാല്‍ ഒറ്റനോട്ടത്തില്‍ ഫാന്റത്തിന്റെ ശിരസിനോട് സാമ്യം തോന്നുന്നുവെന്നതാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുന്നുകയറുമ്പോള്‍ പ്രകൃതിരമണീയമായ കാഴ്ചകളും ആസ്വാദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
മീനങ്ങാടി അമ്പലവയല്‍ പാതയോരത്താണ് ഫാന്റം റോക്ക്. ഏടക്കല്‍ ഗുഹയിലേക്കുള്ള റൂട്ടിലായതിനാല്‍ ഇവിടെ എപ്പോഴും സഞ്ചാരികളുടെ തിരക്കാണ്. ഡിടിപിസിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇവിടേക്ക് ആകെയുള്ള റോഡാകട്ടെ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് കൂടിയാണ്.
സ്വകാര്യ ക്രഷറിലേക്കുള്ള റോഡാണ് ഇപ്പോള്‍ സഞ്ചാരികള്‍ ഉപയോഗിക്കുന്നത്. ക്രഷര്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് മാത്രമെ സഞ്ചാരികള്‍ക്ക് ഈ റോഡ് ഉപയോഗിക്കാന്‍ കഴിയൂ. അല്ലാത്ത സമയങ്ങളില്‍ ഗേറ്റ് പൂട്ടിയിടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗേറ്റിനരികെയുള്ള ഇടുങ്ങിയ വഴിയാണ് റോക്കിലേക്ക് എത്താന്‍ സഞ്ചാരികള്‍ ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ മിക്കവരും ഇക്കാരണത്താല്‍ തിരിച്ച് പോകുകയാണ്.
സഞ്ചാരികളെത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. വയനാടിന്റെ പ്രകൃതി ഭംഗി ആസ്വാദിക്കാന്‍ കഴിയുന്ന മികച്ച ഇടങ്ങളില്‍ ഒന്നാണെങ്കിലും ഒരുതരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ല. അപകടസാധ്യത ഏറെയുള്ളതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എത്തിച്ചേരാന്‍ പ്രയാസമാണ്. എങ്കിലും ടിക്കറ്റ് കൗണ്ടര്‍, സുരക്ഷാവേലികള്‍, പാര്‍ക്കിങ് ഏരിയ തുടങ്ങിയവ ഒരുക്കിയാല്‍ ഫാന്റം റോക്ക് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി മാറുമെന്നത് തീര്‍ച്ച.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam