കിളിമാനൂരിൽ ആഡംബര കാറിൽ യാത്ര ചെയ്യുകയായിരുന്ന നാല് യുവാക്കളെ 10.5 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ഡാൻസാഫ്‌ സംഘവും കിളിമാനൂർ പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

തിരുവനന്തപുരം: എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ. മഞ്ഞമ്മല കീഴ് തോന്നയ്ക്കൽ സ്വദേശികളായ അനീഷ് (30), വിവേക് ( 31), മുഹമ്മദ് ഷാഹിൻ (23) സിയാദ് (36) എന്നിവരാണ് അറസ്റ്റിലായത്. കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറിൽ ലഹരി സംഘങ്ങൾ യാത്ര ചെയ്ത് വരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ഡാൻസാഫ്‌ സംഘവും കിളിമാനൂർ പൊലീസും സംയുക്തമായി കിളിമാനൂർ ജംഗ്ഷനിൽ ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 10.5 ഗ്രാമോളം എംഡിഎംഎ പിടികൂടി.

 നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി കെ. പ്രദീപ്, ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ, കിളിമാനൂർ ഇൻസ്‌പെക്ടർ ബി .ജയൻ സബ് ഇൻസ്‌പെക്ടർ അരുൺ, ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ്, രാജീവൻ, ടീം അംഗങ്ങളായ റിയാസ്, ദിനോർ, നന്ദു, ലിജു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. ഇവർക്ക് ലഹരി വിൽപനയടക്കം ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.