
ചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന എസ്ബിഐ ശാഖയിൽ ബോംബ് വച്ചതായുള്ള അജ്ഞാത സന്ദേശം പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ട് 3.10-ഓടെ സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കാണ് ബോംബ് ഭീഷണിയെത്തിയത്. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥരെത്തി ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ ഉൾപ്പെടെ പുറത്തിറക്കിയ ശേഷം ശാഖ അടച്ചിട്ടു. വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയതോടെ പ്രദേശത്ത് കടുത്ത പരിഭ്രാന്തിയുണ്ടായി.
തുടർന്ന് ആലപ്പുഴയിൽനിന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബാങ്ക് തുറന്ന് പരിശോധന നടത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരു മണിക്കൂറിലധികം നീണ്ട പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വൈകിട്ട് ആറുമണിയോടെ ആലപ്പുഴയിൽനിന്ന് ഡോഗ് സ്‌ക്വാഡും എത്തിച്ചേർന്ന് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിയാത്തതോടെ വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ബോംബ് സ്‌ക്വാഡ് അംഗങ്ങളായ ലാലു അലക്സ്, ജോഷി ജയിംസ്, രാജ് മോഹൻ, ഡോഗ് സ്‌ക്വാഡ് അംഗം സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാജ സന്ദേശമയച്ച് പരിഭ്രാന്തിയുണ്ടാക്കിയ ആളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി എസ്എച്ച്ഒ ഡി രതീഷ് ബാബു പറഞ്ഞു.
ചിത്രം: വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് ചാരുംമൂട് നൂറനാട് പൊലീസ് സ്റ്റേഷന് സമീപത്തെ എസ്ബിഐ ശാഖയിൽ പൊലീസ് സംഘവും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam