ശബരിമല തീർഥാടകർ കുറഞ്ഞു; ടൂർ ഓപ്പറേറ്റർമാരും പൂജാസ്റ്റോറുകളും പ്രതിസന്ധിയിൽ

By Web TeamFirst Published Dec 8, 2018, 2:00 PM IST
Highlights

സംഘർഷ സാധ്യത ഭയന്നാണ് പല ഭക്തരും ഇത്തവണ ശബരിമല യാത്ര ഒഴിവാക്കുന്നത്. സാധാരണ നട തുറക്കുന്ന വൃശ്ചികം ഒന്നിന് മുൻപ് തന്നെ  വിവിധ ജില്ലകളിൽ നിന്ന്  നിരവധി വാഹനങ്ങളാണ്  ഭക്തരെയും കൊണ്ട് ശബരിമലയിലേക്ക് പോകാറുള്ളത്. എന്നാൽ മണ്ഡലകാലം പകുതിയായിട്ടും ഇത്തവണ തീർഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 

കോഴിക്കോട്: ശബരിമലയിലേക്കുള്ള തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്തെ ടൂർ ഓപ്പറേറ്റർമാരും പൂജാ സ്റ്റോറുകളും പ്രതിസന്ധിയിൽ. വർഷാവർഷങ്ങളായി സംസ്ഥാനത്തെ ടൂർ ഓപ്പറേറ്റർമാരുടെയും പൂജാസ്റ്റോറുകളുടെയും ഉത്സവകാലമായിരുന്നു ശബരിമല മണ്ഡലകാലം. 

സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട്  ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായിരിക്കുന്നത്.  ഇത് കാരണം സംസ്ഥാനത്തെ ടൂർ ഓപ്പറേറ്റർമാരെയും ട്രാവൽസുകാരെയും പൂജസ്റ്റോറുകാരുമാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. 

സംഘർഷ സാധ്യത ഭയന്നാണ് പല ഭക്തരും ഇത്തവണ ശബരിമല യാത്ര ഒഴിവാക്കുന്നത്. സാധാരണ നട തുറക്കുന്ന വൃശ്ചികം ഒന്നിന് മുൻപ് തന്നെ  വിവിധ ജില്ലകളിൽ നിന്ന്  നിരവധി വാഹനങ്ങളാണ്  ഭക്തരെയും കൊണ്ട് ശബരിമലയിലേക്ക് പോകാറുള്ളത്. എന്നാൽ മണ്ഡലകാലം പകുതിയായിട്ടും ഇത്തവണ തീർഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 

മലബാറിലെ ജില്ലകളിൽ നിന്നാണ് കൂടുതൽ ശബരിമല ഭക്തർ ശബരിമലയിലെത്തിയിരുന്നത്. കഴിഞ്ഞ മണ്ഡല കാലത്ത് ദിവസേന 35 ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ശബരിമലയിലേക്ക് തീർഥാടകരുമായി പോയിരുന്ന വിവേകാനന്ദ ട്രാവൽസ് ഇത്തവണ രണ്ടോ മൂന്നോ ബസുകൾ മാത്രമാണ് ശബരിമലയിലേക്ക് സർവീസ് നടത്തിയത്. മറ്റു ടൂർ ഓപ്പറേറ്റർമാരുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്. 

തീർഥാടകരുടെ ബുക്കിങ് വളരെ കുറഞ്ഞതായി ടൂർ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. എന്നാൽ, സമരാന്തരീക്ഷം ഒഴിഞ്ഞത് കാരണം അവസ്ഥ മെച്ചപ്പെട്ട് വരുമെന്നാണ് ഇവരുടെ പ്രതീക്ഷ. ശബരിമല യാത്രകൾ മാത്രം സംഘടിപ്പിച്ചിരുന്ന നിരവധി ചെറിയ സ്ഥാപനങ്ങളും ബുക്കിങ് ഇല്ലാത്ത അവസ്ഥയിലാണ്. ഗ്രാമ പ്രദേശത്ത് നിന്ന് ഭക്തർ ഓട്ടം വിളിച്ചിരുന്ന ട്രാവലറുകൾക്കും ജീപ്പുകൾക്കുമൊന്നും ഇത്തവണ ആവശ്യക്കാരില്ല. ട്രെയ്നിലും കെഎസ്ആർടിസി ബസിലും  പോകുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.  

സംസ്ഥാനത്തെ ഓരോ ചെറിയ അങ്ങാടികളിലും പ്രവർത്തിക്കുന്ന പൂജാസ്റ്റോറുകൾക്കും ഈ മണ്ഡലകാലം വറുതിയുടെതാണ്. വൃശ്ചികം ഒന്നിന്‍റെ തലേ ദിവസം മുതൽ പൂജാസ്റ്റോറുകളിൽ ശബരിമല ഭക്തരുടെ തിരക്കായിരുന്നു മുമ്പ് അനുഭവപ്പെട്ടിരുന്നത്. മാല, കറുപ്പ് മുണ്ട്, ഇരുമുടികെട്ട്, സൈഡ് ബാഗ് തുടങ്ങിയവയും പൂജാദ്രവ്യങ്ങളും വാങ്ങാനായി ഭക്തരെത്തുന്ന പ്രധാന സീസണാണ് ഇത്തവണ പൂജ സ്റ്റോറുകൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു വർഷത്തെ പ്രധാന വ്യാപാര സീസണായിരുന്നു പൂജാസ്റ്റോറുകൾക്ക് മണ്ഡലകാലം. ഇത് ഇല്ലാതായതോടെ കടം വാങ്ങിയും മറ്റും സാധനങ്ങൾ വാങ്ങിവച്ച പൂജാസ്റ്റോറുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വരുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങളുടെ എണ്ണത്തിലും കുറവ് വന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. ദേശീയ ടിവി ചാനലുകളടക്കമുള്ള മാധ്യമങ്ങൾ ശബരിമല സംഘർഷവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല ഭക്തരിൽ പലരും യാത്ര ഒഴിവാക്കിയിട്ടുണ്ട്. കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിലാണ് കുറവ് സംഭവിക്കുന്നത്. 
 

click me!