' ആദ്യം വന്‍കിടക്കാരെ ഒഴിപ്പിക്ക്; എന്നിട്ട് മതി പെട്ടിക്കട ഒഴിപ്പിക്കല്‍ '; പെട്ടിക്കട ഒഴിപ്പിക്കാനെത്തിയ അധികൃതര്‍ക്കെതിരെ കടക്കാര്‍

By Web TeamFirst Published Dec 8, 2018, 12:14 PM IST
Highlights

 പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്റെ  നിര്‍ദ്ദേശപ്രകാരമാണ്  ജീവനക്കാരും പോലീസും പെട്ടിക്കടകള്‍ ഒഴിപ്പിക്കുന്നതിന് കോളനി റോഡിലെ ഇക്കാ നഗറിലെത്തിയത്.  

ഇടുക്കി: പെട്ടിക്കട ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് അധികൃതരെ വിരട്ടിയോടിച്ച് കട ഉടമസ്ഥന്‍. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ തങ്ങള്‍ ഒഴിയില്ലെന്ന നിലപാടില്‍ ഇവര്‍ ഉറച്ച് നിന്നതോടെ അധികൃതര്‍ പിന്മാറി. 

മൂന്നാര്‍ കോളനി റോഡിലെ അനധികൃത പെട്ടിക്കടകള്‍ ഒഴിപ്പിക്കണമെന്ന ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തിനെ സമീപിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം കടന്നു പോകുന്ന പാതയില്‍ പെട്ടിക്കടകള്‍ സ്ഥാപിച്ചത് ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നെന്നായിരുന്നു പരാതി. 

യാത്രക്കാര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്‍ക്കുന്നതിനായി കാത്തിരുപ്പ് കേന്ദ്രം സ്ഥാപിക്കുന്നതിന് കണ്ടെത്തിയ ഭാഗങ്ങളിലാണ് പെട്ടികടകള്‍ സ്ഥാപിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്റെ നിര്‍ദ്ദേശപ്രകാരം ജീവനക്കാരും പോലീസും പെട്ടിക്കടകള്‍ ഒഴിപ്പിക്കുന്നതിന് കോളനി റോഡിലെ ഇക്കാ നഗറിലെത്തിയത്.  

ഇതോടെ ഉപജീവനത്തിനായി സ്ഥാപിച്ചിരുന്ന പെട്ടിക്കടകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ഉടമകള്‍ രംഗത്തെത്തി. വന്‍കിടക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പെട്ടിക്കടക്കാര്‍ തുറന്ന വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കടയുടമകൾ അധികൃതര്‍ക്കെതിരെ അസഭ്യം പറഞ്ഞ്  തുടങ്ങിയതോടെ ചര്‍ച്ചകള്‍ക്ക് ശേഷം ഒഴിപ്പിക്കാമെന്ന നിലപാട് സ്വീകരിച്ച് പഞ്ചായത്ത് അധിക്യതര്‍ തിരിച്ചു പോയി. 

പഴയമൂന്നാര്‍ മുതല്‍ നല്ലതണ്ണി കവലവരെ നൂറുകണക്കിന് അനധിക്യത പെട്ടിക്കടകളാണ് ഉള്ളത്. രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ നിര്‍മ്മിച്ച മിക്കകടകളും ദിവസ വാടകയ്ക്ക് നല്‍കിയവയാണ്. കുറുഞ്ഞിക്കാലത്തോട് അനുബന്ധിച്ച് മൂന്നാറിലെ പെട്ടിക്കടകള്‍ ഒഴിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും സ്ഥാപിക്കുകയായിരുന്നു. 

click me!