
തിരുവനന്തപുരം: ഖജനാവ് കാലിയായ സര്‍ക്കാരിന്റെ ബജറ്റ് ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധനമന്ത്രി നിയമസഭയിൽ നടത്തിയത് ബജറ്റ് അവതരണമല്ല, ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാണ്. ഈ പ്രസംഗം നടത്തേണ്ടിയിരുന്നത് പുത്തരികണ്ടം മൈതാനത്തായിരുന്നുവെന്നും കൃഷണദാസ് പറഞ്ഞു. സിപിഎം നേതാക്കള്‍ നടത്തുന്ന തെരുവ് പ്രസംഗമാണ് സഭയില്‍ കണ്ടത്. ബജറ്റ് അവതരണത്തിന്റെ പവിത്രതപോലും ധനമന്ത്രി നഷ്ടപ്പെടുത്തിയെന്നും കൃഷ്ണദാസ് പറഞ്ഞു.
കേന്ദ്രത്തിനെതിരായി അടിസ്ഥാന രഹിതമായ ആരോപണമാണ് ധനമന്ത്രി നടത്തിയത്. കേന്ദ്രം ഒന്നും നല്‍കുന്നില്ലെന്നാണ് ബാലഗോപാല്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ നികുതിയിനത്തില്‍ മാത്രം അഞ്ച് വര്‍ഷക്കാലം കൊണ്ട് 1,16,000 കോടി രൂപ സംസ്ഥാനത്തിന് കൈമാറി. സംസ്ഥാനം ധൂര്‍ത്തടിച്ച് വരുത്തിവച്ച ധനകമ്മി പരിഹരിക്കാന്‍ കേന്ദ്രം 44,000 കോടിരൂപയും കേരളത്തിന് കൈമാറി. നഞ്ച് വാങ്ങാന്‍ പോലും നയാപൈസയില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ട്രെഷറി അടച്ച് പൂട്ടാത്തത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ടാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ ശമ്പളകമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. 2024ല്‍ ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടതായിരുന്നു.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും ജനങ്ങളുടെയും രാഷ്ട്രീയ ബോധത്തെവെല്ലുവിളിക്കുകയാണ്. ധനമന്ത്രി അവതരിപ്പിച്ച പദ്ധതികള്‍ പലതും കേന്ദ്രസര്‍ക്കാരിന്റെതാണ്. ദേശീയപാത ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ച പദ്ധതികളില്‍ കേന്ദ്ര പദ്ധതികള്‍ മാത്രമാണ് നടപ്പിലാകുന്നത്. വയോധികര്‍ക്കുള്ള 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ പദ്ധതിയായ ആയുഷ് മാന്‍ ഭാരത് നടപ്പിലാക്കാത്ത ഏക സംസ്ഥാമാണ് കേരളം. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താനുള്ള ഒരു ഇടപെടലും ബജറ്റില്‍ കാണുന്നില്ല.
അതുകൊണ്ടാണ് ഊടായിപ്പ് ബജറ്റെന്ന് പറയുന്നത്. ആശ വര്‍ക്കര്‍മാര്‍ക്ക് വര്‍ദ്ധിപ്പിച്ചത് പ്രതിദിനം 31 രൂപ മാത്രമാണ്. മുണ്ടൈക്കൈ ചൂരല്‍ ദുരിതാശ്വാസ നിധിയിലേക്ക് 888 കോടിരൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ജനങ്ങള്‍ 740 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. 1628 കോടിരൂപ സര്‍ക്കാരിന്റെ കയ്യിലുണ്ട്. അതില്‍ 200 കോടി രൂപമാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു. കഴിവുകെട്ട സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നതിന്റെ തെളിവാണിതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam