പി.കെ.ശശി വിവാദം; ചര്‍ച്ച വിലക്കി സ്വരാജ്, മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട് ശശി

By Web TeamFirst Published Oct 29, 2018, 7:23 AM IST
Highlights

 പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത് വിലക്കി സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ആരോപണമുന്നയിച്ച പെൺകുട്ടികൂടി പങ്കെടുക്കുന്ന DYFI പാലക്കാട് ജില്ലാ സമ്മേളന വേദിയിലാണ് പ്രതിനിധികളോട് സംസ്ഥാന സെക്രട്ടറിയുടെ നി‍ർദ്ദേശം. അതിനിടെ പാലക്കാട്ടെ പൊതു പരിപാടിയിൽ പി കെ ശശി എംഎൽഎ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു.

പാലക്കാട്: പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത് വിലക്കി സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ആരോപണമുന്നയിച്ച പെൺകുട്ടികൂടി പങ്കെടുക്കുന്ന DYFI പാലക്കാട് ജില്ലാ സമ്മേളന വേദിയിലാണ് പ്രതിനിധികളോട് സംസ്ഥാന സെക്രട്ടറിയുടെ നി‍ർദ്ദേശം. അതിനിടെ പാലക്കാട്ടെ പൊതു പരിപാടിയിൽ പി കെ ശശി എംഎൽഎ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു.

ലൈംഗിക പീഡന പരാതിയിൽ പാർട്ടി നടപടി അനന്തമായി നീളുന്നതിനിടെയാണ് ആരോപണ വിധേയനായ പി കെ ശശി എംഎൽഎ വേദികളിൽ വീണ്ടും സജീവമാകുന്നത്. പട്ടിക ജാതി - ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളന വേദിയിലാണ് മുഖ്യമന്ത്രിയുമായി ശശി വേദി പങ്കിട്ടത്. പാർട്ടി അന്വേഷണ കമ്മീഷൻ അംഗം എ കെ ബാലനുമായി പൊതുപരിപാടിയിയൽ പങ്കെടുത്ത വിവാദം നിലനിൽക്കെയാണ്, പി കെ ശശി വേദി പങ്കിട്ടത്. 

ആരോപണമുയർന്നയുടൻ പാ‍ർട്ടി യോഗങ്ങളിലടക്കം വിട്ടുനിൽക്കാനായിരുന്നു നേതൃത്വം നൽകിയ നിർദ്ദേശം. എന്നാൽ പരാതിക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ച് വീണ്ടും ശശി തിരിച്ചെത്തുകയായിരുന്നു. അന്വേഷണ കമ്മീഷൻ അംഗം എ കെ ബാലൻ ഇടപെട്ടാണ് ശശിക്കെതിരായ നിയന്ത്രണങ്ങൾ നീക്കിയതെന്നാണ് ആരോപണം. ഇതിനെതിരെ പാർട്ടിക്കുളളിൽ നേതാക്കളുടെ അമർഷം പുകയുകയാണ്.

മുഖ്യമന്ത്രിക്കൊപ്പം വേദിയിലെത്തിയതോടെ, ശശിക്കെതിരായ നടപടി പേരിന് മാത്രമാകുമെന്ന സൂചനയാണ് നേതൃത്വം നൽകുന്നതെന്നും ഒരു വിഭാഗം പ്രവർത്തകർ പറയുന്നു. കൂറ്റനാട് നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൽ ശശി വിഷയം ചർച്ചയാക്കരുതെന്ന് നേതൃത്വം തന്നെ നിർദ്ദേശം നൽകുന്നതും ഇതിന്റെ ഭാഗമായി കാണണം.

സിപിഎം നേതൃത്വം നടപടികൾ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും അതിനാൽ ചർച്ച വേണ്ടെന്നുമാണ് റിപ്പോർട്ടവതരണത്തിന് ശേഷം എം സ്വരാജ് പ്രതിനിധികളോട് പറഞ്ഞത്. ആരോപണമുന്നയിച്ച, ജില്ലാകമ്മറ്റി അംഗമായ പെൺകുട്ടി സദസ്സിലിരിക്കെയായിരുന്നു സ്വരാജിന്റെ നി‍ർദ്ദേശം. സംഘടനാ റിപ്പോർട്ടിലില്ലെങ്കിലും പൊതുചർച്ചയിൽ വിഷയം ഉന്നയിക്കാൻ തന്നെയാണ് ഒരുവിഭാഗം ഡിവൈഎഫ്ഐ നേതാക്കളുടെ നീക്കം.

click me!