ശബരിമല സ്ത്രീ പ്രവേശനം; നാല് വ്യത്യസ്ത ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

By Web TeamFirst Published Oct 29, 2018, 6:30 AM IST
Highlights

 ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട നാലു വ്യത്യസ്ത ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. നാമജപക്കാരെ അറസ്റ്റ് ചെയ്തതിനെതിരെയും സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന ഉത്തരവുണ്ടായിട്ടും ശബരിമലയില്‍ നമജപക്കാര്‍ തടയുന്നു എന്നിങ്ങനെ വ്യത്യസ്തങ്ങളായ നാല് ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. 
 

എറണാകുളം: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട നാലു വ്യത്യസ്ത ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. നാമജപക്കാരെ അറസ്റ്റ് ചെയ്തതിനെതിരെയും സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന ഉത്തരവുണ്ടായിട്ടും ശബരിമലയില്‍ നമജപക്കാര്‍ തടയുന്നു എന്നിങ്ങനെ വ്യത്യസ്തങ്ങളായ നാല് ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. 

നാമജപത്തിനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് കാണിച്ച് പത്തനം തിട്ട സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കും. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് കഴി‍ഞ്ഞ ദിവസം കോടതി ഓര്‍മ്മിപ്പിച്ചത് ഈ ഹര്‍ജികളിലായിരുന്നു. 

ശബരിമല ദര്‍ശനത്തിന് മതിയായ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും മല കയറുന്നതില്‍ നിന്നും രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരടക്കം തടയുന്നു എന്നാണ് ഹര്‍ജിക്കാരുടെ  ആക്ഷേപം. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് മൂന്നാമത്തെ ഹര്‍ജി. വിശ്വാസികളെ മാത്രം പ്രവേശിപ്പിക്കണെമെന്നാവശ്യപ്പെട്ട ഹര്‍ജിയാണ് നാലാമത്തേത്.

click me!