നാവിക സേനാ കപ്പലുകളുടെ മിനിയേച്ചറിലൂടെ വൈറലായ ആരോമലിന് ഒടുവില്‍ കേന്ദ്രത്തിന്‍റെ അനുമോദനം

By Web TeamFirst Published Feb 6, 2023, 1:05 PM IST
Highlights

കൊവിഡ് കാലത്താണ് ഒഴിവുള്ള സമയങ്ങളിൽ യുദ്ധ കപ്പലുകളുടെ മാതൃക നിർമ്മിച്ച് ആരോമൽ വൈറലായത്.

തിരുവനന്തപുരം: നേവൽ മിനിയേച്ചർ ഉൾപ്പെടെയുള്ളവ പുഷ്പം പോലെ ഉണ്ടാക്കിയ ആരോമലിന് ഒടുവില്‍ കേന്ദ്ര സർക്കാരിന്റെ അനുമോദനം. കൊവിഡ് കാലത്താണ് ഒഴിവുള്ള സമയങ്ങളിൽ യുദ്ധ കപ്പലുകളുടെ മാതൃക നിർമ്മിച്ച് ആരോമൽ വൈറലായത്. 200 സെന്റിമീറ്റർ നീളമുള്ള യുദ്ധക്കപ്പലിന്‍റെ മിനിയേച്ചര്‍ ഉണ്ടാക്കി വൈറലായ വിദ്യാര്‍ത്ഥിയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സതേൺ നേവൽ കാമാൻഡ് അഡ്മിറൽ ആരോമലിനെ അനുമോദിച്ചിരുന്നു. കാർഡ് ബോർഡ്, വേസ്റ്റ് പേപ്പർ , കോപ്പർ കമ്പികൾ എന്നിവ കൊണ്ടാണ് കപ്പലുകളുടെ മാതൃക ഉണ്ടാക്കിയിരുന്നത്.

അടുത്തിടെ വർക്കലയിൽ വച്ച് നടന്ന പ്രദര്‍ശനത്തില്‍ അരോമൽ ഉണ്ടാക്കിയ മിനിയേച്ചറുകൾ പ്രദർശിപ്പിച്ചിരുന്നു.  കേന്ദ്രമന്ത്രി വി.മുരളീധരൻ ഇത് കാണുകയും ആരോമലിനെ അഭിനന്ദിക്കുകയും ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്യുകയുമായിരുന്നു. അധികം വൈകാതെ തന്നെ ദില്ലിയിലേക്ക് ആരോമലിനുള്ള ഔദ്യോഗിക ക്ഷണം എത്തുകയും ചെയ്തു. ദില്ലിയിലെ പ്രധാന സ്ഥലങ്ങൾ കാണാനും ക്ഷണം വഴിയൊരുക്കി. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ പ്രത്യേക താല്പര്യപ്രകാരം നേവൽ ചീഫ് ആസ്ഥാനത്ത് ആരോമലിനെയും കുടുംബാംഗങ്ങൾക്കും പ്രവേശനം നല്‍കുകയും നേവൽ ചീഫും മലയാളിയുമായ ആർ. ഹരികുമാറുമായി സംവദിക്കാൻ അവസരം നല്‍കുകയും ചെയ്തു.

ആരോമലിന്റെ  മികവിനെ അനുമോദിക്കുകയും സമ്മാനം നൽകുകയും ചെയ്തു.  നേവൽ ചീഫിന് ഐ.എൻ.എസ് മൈസൂർ സി 60 കപ്പലിന്റെ മാതൃക നൽകാനും ആരോമൽ മറന്നില്ല. മോഡലിംഗ്, ചിത്രരചന, ഫുട്ബോൾ, ആർക്കിയോളജിസ്റ്റ്, ഇന്‍റീരിയർ ഡിസൈനർ, ആർക്കിടെക്റ്റ് എന്നിവയിൽ താല്പര്യമുള്ള ആരോമൽ വിഴിഞ്ഞം തുറമുഖത്തിനടുത്ത് തെന്നൂർക്കോണത്ത് ബാബുവിന്റെയും ശാലിനിയുടെയും മൂത്ത മകനാണ്. ആറാലുമൂട് ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആരോമല്‍ .

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകി പുതിയ മുങ്ങിക്കപ്പൽ: ഐഎൻഎസ് വഗീര്‍ കമ്മീഷൻ ചെയ്തു

click me!