ഹൃദയം തന്ന കുടുംബത്തിന് മധുരം നൽകി, ഫിനുവിന്റെ പ്ലസ് ടു വിജയാഘോഷം ഇങ്ങനെ

Published : Jun 22, 2022, 11:48 AM IST
ഹൃദയം തന്ന കുടുംബത്തിന് മധുരം നൽകി, ഫിനുവിന്റെ പ്ലസ് ടു വിജയാഘോഷം ഇങ്ങനെ

Synopsis

മസ്തിഷ്കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ ഹൃദയമാണ് മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഫിനു ഷെറിനിൽ ഇപ്പോൾ മിടിക്കുന്നത്

കോഴിക്കോട്: ആ ഹൃദയത്തുടിപ്പിൻ്റെ താളത്തിൽ ഹയർ സെക്കൻ്ററി  പരീക്ഷയിൽ മികച്ച വിജയം നേടിയതിൻ്റെ സന്തോഷത്തിലായിരുന്നു ഫിനു ഷെറിൻ. ആദ്യം നന്ദി പറയേണ്ടത് വിഷ്ണുവിന്റെ കുടുംബത്തിനാണ്. പിന്നെ നേരെ കോഴിക്കോട്ടെ വളയനാട്ടെ വിഷ്ണുവിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് മധുരം നൽകിയാണ് പ്ലസ് ടു വിജയം ഫിനു ആഘോഷിച്ചത്. അഞ്ച് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ ഗ്രേഡുമാണ് ഫിനു നേടിയത്.

വിഷ്ണുവിൻ്റെ കുടുംബം അന്ന് അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ ഫിനുവിന്റെ ഭാവി തന്നെ അപകടത്തിലാകുമായിരുന്നു. മസ്തിഷ്കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ ഹൃദയമാണ് മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഫിനു ഷെറിനിൽ ഇപ്പോൾ മിടിക്കുന്നത്. ഒമ്പതാം ക്ലാസിലെത്തിയപ്പോഴാണ് ഫിനുവിന്റെ ഹൃദയത്തിന് തകരാർ കണ്ടെത്തുന്നതും ഹൃദയം
മാറ്റിവെക്കണമെന്ന് ഡോക്റ്റർമാർ നിർദേശിക്കുന്നതും.

ചികിത്സാകമ്മിറ്റി രൂപവത്കരിച്ചു 56 ലക്ഷം രൂപ സമാഹരിച്ചായിരുന്നു ഹൃദയം മാറ്റിവെയ്ക്കൽ യാഥാർഥ്യമാക്കിയത്. ഫിനു ഷെറിൻ പഠിക്കുന്ന ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലെ കൂട്ടുകാർ 13 ലക്ഷം രൂപ അന്ന് സമാഹരിച്ച് നൽകി. പിന്നീട് യോജിച്ച ഹൃദയത്തിനായി കാത്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മസ്തിഷ്കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ കുടുംബം ഹൃദയം നൽകാൻ തയ്യാറായതോടെയാണ് ഫിനു ജീവതാളം വീണ്ടെടുത്തത്. 2018 ൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ഫിനു ഷെറിൻ്റെ ഹൃദയം മാറ്റിവെച്ചത്.  

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ