
ആലപ്പുഴ: കൂട്ടുകാരെ പറ്റിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റേയും പ്രമീളയുടേയും മകന്‍ സിദ്ധാര്‍ഥ് (സിദ്ദു-17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ തലവടി കിളിരൂര്‍ വാടക വീട്ടില്‍ വെച്ചാണ് സംഭവം.
രാത്രി ഭക്ഷണത്തിന് ശേഷം മൊബൈല്‍ ഫോണുമായി മുറിയില്‍ കയറിയ സിദ്ധാര്‍ഥിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാവ് മുറിയുടെ വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പ്രമീള ബെഡ്ഷീറ്റ് അറുത്ത് സിദ്ധാര്‍ഥിനെ കട്ടിലില്‍ കിടത്തി. ഓടിക്കൂടിയ നാട്ടുകാര്‍ എടത്വാ പൊലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും, നാട്ടുകാരും ചേര്‍ന്ന് സിദ്ധാര്‍ഥിനെ എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം നടന്ന മുറിയുടെ ജനാലയോട് ചേര്‍ന്ന് ലൈവ് ചിത്രീകരിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്തി. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സഹപാഠികളെ കബളിപ്പിക്കാന്‍ ചിത്രീകരിച്ചതാവാമെന്നാണ് വീട്ടുകാരുടെ സംശയം. മൊബൈൽ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാതാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച സിദ്ധാര്‍ഥ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam