
ഇടുക്കി: എട്ട് ചെക്ക് പോസ്റ്റുകൾ കടന്ന് ബൈക്കിൽ വട്ടവടയിൽ എത്തിയ വിദ്യാര‍്ത്ഥിനിയെ വട്ടവടയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസ് പിടികൂടി ക്വാറന്‍റീനിലാക്കി. മാതാപിതാക്കളെ കാണാനായിരുന്നു തമിഴ്നാട്ടിൽ നിന്നും പ്ലസ്ടു വിദ്യാർത്ഥിനി സ്റ്റുഡന്‍റ് പൊലീസ് യൂണിഫോമിൽ യാത്ര തിരിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും വട്ടവടയിലെ വീട്ടിലേക്ക് എത്താൻ കഴിയാതെ മാസങ്ങളായി കുടുങ്ങിക്കിടന്ന പ്ലസ്ടു വിദ്യാർത്ഥിനിയാണ് ബൈക്കിൽ 180 കിലോമീറ്റർ സഞ്ചരിച്ച് വട്ടവടയിൽ എത്തിയത്.
ചെക്ക് പോസ്റ്റിൽ പരിശോധന ഒഴിവാക്കാൻ പെൺകുട്ടി തന്‍റെ സ്റ്റുഡന്‍റ് പൊലീസ് യൂണിഫോമിട്ട് ഹെൽമെറ്റും ധരിച്ചാണ് ബൈക്കിൽ എത്തിയത്. ബോഡി നയ്ക്കന്നൂരിൽ നിന്നും എട്ട് മണിക്ക് യാത്ര തിരിച്ച പെൺകുട്ടി 11 മണിയോടെ വട്ടവടയിൽ എത്തി. ബൈക്കിൽ എത്തിയ വനിതാ പൊലീസാണെന്ന് ആദ്യം തെറ്റിദ്ധരിച്ച വട്ടവട ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസ് തമിഴ്നാട് രജിസ്ട്രഷനിലുള്ള വാഹനം കണ്ട് സംശയം തോന്നി പെൺകുട്ടിയെ പിന്തുടർന്ന് വീടിന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിക്കുകയും സമീപത്തുള്ള കെട്ടിടത്തിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു. പെൺകുട്ടി ഒറ്റയ്ക്കായതിനാൽ അമ്മയേയും കുട്ടിക്കൊപ്പം അയച്ചു.